ഫീൽഡിങ്ങിനിടെ ഇടത് വാരിയെല്ലിന് പരിക്ക്; ഗ്രൗണ്ട് വിട്ടത് കടുത്ത വേദനയോടെ; ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-10-25 14:17 GMT

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യരെ വിശദമായ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ 33-ാം ഓവറിലാണ് അയ്യർക്ക് പരിക്കേറ്റത്.

ഹർഷിത് റാണയുടെ പന്തിൽ അലക്സ് കാരിയുടെ ബാറ്റിൽ നിന്നും ഉയർന്നുവന്ന പന്ത് ഡീപ് തേഡ്മാന് സമീപം ഡൈവ് ചെയ്ത് പിടികൂടുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഈ ക്യാച്ച് ഇന്ത്യക്ക് നിർണായക വിക്കറ്റ് നേടിക്കൊടുത്തുവെങ്കിലും, അയ്യർക്ക് കടുത്ത വേദന അനുഭവപ്പെട്ടു. സഹതാരങ്ങളുടെയും ഫിസിയോയുടെയും സഹായത്തോടെ ഗ്രൗണ്ട് വിട്ട താരം പിന്നീട് മത്സരത്തിൽ ഫീൽഡ് ചെയ്യാൻ തിരിച്ചെത്തിയില്ല.

ഈ മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയം നേടിയിരുന്നു. ഓസ്ട്രേലിയ 46.4 ഓവറിൽ 236 റൺസിന് പുറത്തായി. പരിക്കിന്റെ ഗൗരവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷമേ താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കളിക്കാനുള്ള സാധ്യതയെക്കുറിച്ചും വ്യക്തത വരികയുള്ളൂ. 

Tags:    

Similar News