നവി മുംബൈയിൽ നേടിയത് കരിയറിലെ 14-ാം ഏകദിന സെഞ്ചുറി; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരം; റെക്കോർഡ് നേട്ടവുമായി സ്‌മൃതി മന്ദാന

Update: 2025-10-23 14:31 GMT

നവി മുംബൈ: ന്യൂസിലൻഡിനെതിരായ നിർണായക ഏകദിന മത്സരത്തിലെ തകർപ്പൻ സെഞ്ചുറി നേട്ടത്തോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന. നിലവിൽ സെഞ്ചുറികളുടെ എണ്ണത്തിൽ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്‌സിനൊപ്പമാണ് മന്ദാന. ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം. 2024ല്‍ മന്ദാന നാല് സെഞ്ചുറികള്‍ നേടിയിരുന്നു. 95 പന്തുകളിൽ നിന്ന് 109 റൺസെടുത്ത താരം നാല് സിക്സറുകളും പത്ത് ഫോറുകളും അടിച്ചിരുന്നു.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരങ്ങളുടെ പട്ടികയിൽ സ്മൃതി മന്ദാന രണ്ടാമതെത്തി. ഇത് താരത്തിന്റെ 14-ാം ഏകദിന സെഞ്ചുറിയാണ്. ഓസ്ട്രേലിയയുടെ മെഗ് ലാനിംഗ് 15 സെഞ്ചുറികളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലൻഡിന്റെ സൂസി ബേറ്റ്സ് (13), ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ട് (12), നതാലി സ്കൈവർ ബ്രന്റ് (10) എന്നിവരാണ് പിന്നിലുള്ളത്.

ഇന്ത്യ - ന്യൂസിലന്‍ഡ് നിര്‍ണായക മത്സരത്തില്‍ ഇന്ത്യ 48 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 329 റണ്‍സെടുത്തിരിക്കെ മഴയെത്തി. ഇതുവരെ മത്സരം പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. ജമീമ റോഡ്രിഗസ് (51 പന്തില്‍ 69), ഹര്‍മന്‍പ്രീത് കൗര്‍ (10) എന്നിവരാണ് ക്രീസില്‍. നേരത്തെ പ്രതിക റാവല്‍ (122), സ്മൃതി മന്ദാന (109) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജമീമ റോഡ്രിഗസ് തിരിച്ചെത്തി. അമന്‍ജോത് കൗറാണ് വഴി മാറി കൊടുത്തത്. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകളും ഇന്ന് ജയം അനിവാര്യമാണ്.

Tags:    

Similar News