വീട് നഷ്ടപ്പെടാന്‍ സാധ്യത; ചികിത്സക്ക് പോലും പണമില്ല; ഐഫോണ്‍ നഷ്ടപ്പെട്ടു; ഏക ആശ്വാസം ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍; കാംബ്ലിയെ സഹായിക്കാന്‍ ഗാവസ്‌കര്‍; ചികിത്സാ ചിലവുകള്‍ ഏറ്റെടുത്തു

Update: 2025-04-15 10:29 GMT

മുംബൈ: വിസ്മയമായ ക്രിക്കറ്റ് കരിയറിന് ശേഷം ജീവിതം തകര്‍ച്ചയിലായ വിനോദ് കാംബ്ലിക്ക് കരുതലായി എത്തുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മറ്റൊരു ലിജന്‍ഡായ സുനില്‍ ഗാവസ്‌കറാണ്. ആരോഗ്യം തകര്ന്നും സാമ്പത്തികമായി കഷ്ടത അനുഭവിച്ചും വേദനാനുഭവിക്കുന്ന കാംബ്ലിക്ക് ഗാവസ്‌കറിന്റെ 'ചാംപ്‌സ് ഫൗണ്ടേഷന്‍' പ്രതിമാസം 30,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ, ആശുപത്രി ചെലവുകള്‍ക്കായും ഓരോ വര്‍ഷവും 30,000 രൂപയുടെ ആനുകൂല്യം ലഭിക്കും.

ഒരു കാലത്ത് സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം ഇന്ത്യയുടെ ക്രിക്കറ്റ് ഭാവികഥ എഴുതിയ താരം ആയിരുന്ന കാംബ്ലി, അച്ചടക്കക്കുറവും മദ്യപാനാദി ശീലങ്ങളുമാണ് കരിയറിന് തിരിച്ചടിയായത്. 2011-ല്‍ ഔദ്യോഗികമായി താരം ക്രിക്കറ്റ് വിടുകയായിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാംബ്ലിയെ തളര്‍ത്തി.

അടുത്തിടെ മൂത്ര സംബന്ധമായ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാംബ്ലി രണ്ടാഴ്ചത്തോളം ചികിത്സയിലായിരുന്നു. അതിനിടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ താനും ഭാര്യ ആന്‍ഡ്രിയയും കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലായി. വീടിന്റെ മെയ്ന്റനന്‍സ് ഫീസായി ഹൗസിംഗ് സൊസൈറ്റിക്ക് 18 ലക്ഷം രൂപ കുടിശ്ശികയുണ്ട്. വീടും നഷ്ടമാകുമെന്ന ആശങ്കയിലാണ് കുടുംബം.

2013-ല്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായപ്പോള്‍ കാംബ്ലിക്ക് സഹായഹസ്തമെത്തിച്ചത് സുഹൃത്തും സച്ചിനും ആയിരുന്നു. ഇപ്പോഴിതാ ഗാവസ്‌കറിന്റെ ഇടപെടല്‍ വീണ്ടും കാംബ്ലിക്ക് ഉണര്‍വ് നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ വേദിയിലെത്തിയ കാംബ്ലി ഗാവസ്‌കറുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടിയിരുന്നു. അതിനുശേഷം ഗാവസ്‌കര്‍ നേരിട്ടെത്തി കാംബ്ലിയുടെ ചികിത്സയുടെ വിശദാംശങ്ങള്‍ അറിഞ്ഞുവെന്നും അദ്ദേഹത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സുഹൃത്ത് അനില്‍ ജോഷി വ്യക്തമാക്കി.

Tags:    

Similar News