സഞ്ജുവിനെ ബൗള്‍ഡാക്കി തുടക്കമിട്ടു; പിന്നാലെ സല്‍മാന്‍ നിസാര്‍ പഞ്ഞിക്കിട്ടു; 'ചെണ്ടയായി' ഷര്‍ദ്ദുല്‍ ഠാക്കൂര്‍; നാല് ഓവറില്‍ വഴങ്ങിയത് 69 റണ്‍സ്; അന്ന് മുംബൈയെ കീഴടക്കിയത് അസ്ഹറുദ്ദീന്റെ സെഞ്ച്വറി മികവില്‍; ഇന്ന് മുംബൈയുടെ വമ്പൊടിച്ച് രോഹനും സല്‍മാനും

ബാറ്റിംഗ് വെടിക്കെട്ടുമായി നിസാറും രോഹനും

Update: 2024-11-29 11:06 GMT

ഹൈദരാബാദ്: ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ, ഷാര്‍ദുല്‍ ഠാക്കൂര്‍... ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്മാരുടെ സംഘം മലയാളിചുണക്കുട്ടികളുടെ പോരാട്ടവീര്യത്തിന് മുന്നില്‍ പതറി വീഴുന്ന കാഴ്ചയാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ദേശീയ ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ രാജ്യത്തിന്റെ ക്രിക്കറ്റ് പവര്‍ഹൗസായ മുംബൈയ്ക്ക് എതിരെ റണ്‍മല ഉയര്‍ത്തി കേരളം തകര്‍ക്കുന്ന കാഴ്ച. കേരളത്തിന്റെ ചുണക്കുട്ടികള്‍ മുംബൈയെ മലര്‍ത്തിയടിച്ചത് 43 റണ്‍സിനാണ്.

ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ മുംബൈയുടെ മറുപടി ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സിലൊതുങ്ങി. മുന്‍നിര പതറിയിട്ടും ബാറ്റിംഗ് വെടിക്കെട്ടുമായി സല്‍മാന്‍ നിസാറും (49 പന്തില്‍ പുറത്താകാതെ 99) രോഹന്‍ കുന്നുമ്മലും (48 പന്തില്‍ 87) ആണ് കേരളത്തിനുവേണ്ടി റണ്‍മല ഉയര്‍ത്തിയത്. നാലു വിക്കറ്റെടുത്ത എം.ഡി. നിധീഷിന്റെ നേതൃത്വത്തില്‍ ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നതോടെ മുംബൈ തോല്‍വി സമ്മതിച്ചു.

ഓപണറായിറങ്ങിയ സഞ്ജു സാംസണ്‍ ഇന്നിങ്‌സിലെ നാലു പന്തില്‍ നാലുറണ്‍സെടുത്ത് പുറത്തായി. ഷാര്‍ദുലിന്റെ പന്തില്‍ സഞ്ജു ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. മൂന്നാമനായെത്തിയ മുഹമ്മദ് അസ്ഹറുദ്ദീനും (എട്ടു പന്തില്‍ 13) എളുപ്പം മടങ്ങി. പ്രതിസന്ധി ഘട്ടത്തില്‍ തുണയാവാറുള്ള വിശ്വസ്തന്‍ സചിന്‍ ബേബി നാലു പന്തില്‍ ഏഴു റണ്‍സെടുത്ത് നില്‍ക്കെ പരിക്കേറ്റ് പിന്മാറിയത് കേരളത്തിന് തിരിച്ചടിയായി. എന്നാല്‍, ഇതിന് പിന്നാലെ കേരളത്തിനുവേണ്ടി തകര്‍പ്പന്‍ കൂട്ടുകെട്ട് പിറവിയെടുക്കുകയായിരുന്നു.

സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും കേളികേട്ട മുംബൈ ബൗളിങ്ങിനെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയപ്പോള്‍ അത് അതിശയക്കാഴ്ചയായി. ബാറ്റിങ് വിസ്‌ഫോടനത്തിന്റെ രസക്കാഴ്ചകള്‍ പകര്‍ന്നു നല്‍കിയ ഇന്നിങ്‌സില്‍ സല്‍മാന്‍ നിസാര്‍ അഞ്ചു ഫോറും എട്ടു പടുകൂറ്റന്‍ സിക്‌സുമുതിര്‍ത്തപ്പോള്‍ രോഹന്റെ ബാറ്റില്‍നിന്ന് ലക്ഷണമൊത്ത അഞ്ചു ഫോറും ഏഴു സിക്‌സും പിറവിയെടുത്തു. 17.1 ഓവറില്‍ സ്‌കോര്‍ 180ലെത്തിയപ്പോള്‍ രോഹന്‍ വീണു. മോഹിത് അവസ്തിയുടെ പന്തില്‍ തനുഷ് കോട്ടിയാന് ക്യാച്ച്.

ഇന്ത്യന്‍ ബൗളറെന്ന മഹിമയോടെ പന്തെറിഞ്ഞ ഷാര്‍ദുലിന് സഞ്ജുവിനെ പുറത്താക്കിയതിന്റെ ആഹ്ലാദമൊക്കെ മാറി പതിയെ അതിപ്രഹരത്തിന്റെ നാണക്കേടായി. നാലോവറില്‍ 69 റണ്‍സാണ് ഷാര്‍ദുല്‍ വഴങ്ങിയത്. ഐപിഎല്‍ മെഗാ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന ഇന്ത്യന്‍ മീഡിയം പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിലും നാണക്കേട്. കേരളത്തിനെതിരെ മുംബൈക്കായി പന്തെറിഞ്ഞ് നാല് ഓവറില്‍ 69 റണ്‍സ് വഴങ്ങിയ ഷര്‍ദ്ദുല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ മോശം ബൗളിംഗിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി. കുറച്ച് മാത്രം ദിവസങ്ങള്‍ക്ക് മുമ്പ് ഹരിയാനക്കെതിരെ 69 റണ്‍സ് വഴങ്ങിയ അരുണാചല്‍ പ്രദേശ് ബൗളര്‍ രമേശ് രാഹുലാണ് നാണക്കേടിന്റെ ഈ പട്ടികയില്‍ തലപ്പത്തുള്ള മറ്റൊരാള്‍.

മത്സരത്തില്‍ കേരളത്തിന്റെ മധ്യനിര ബാറ്റര്‍ സല്‍മാന്‍ നിസാറിന്റെ ബാറ്റിന്റെ ചൂടറിഞ്ഞാണ് മുംബൈ പേസറായ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ നാണംകെട്ടത്. കേരള ഇന്നിംഗ്സിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റനും വെടിക്കെട്ട് വീരനുമായ സഞ്ജു സാംസണെ പുറത്താക്കി നല്ല തുടക്കം ഷര്‍ദ്ദുല്‍ നേടി. ബൗണ്ടറി നേടിയതിന് പിന്നാലെ സഞ്ജുവിനെ എഡ്ജാക്കി വിക്കറ്റിലേക്ക് പന്ത് പായിച്ച് പുറത്താക്കുകയായിരുന്നു ഷര്‍ദ്ദുല്‍ ഠാക്കൂര്‍. എന്നാല്‍ മത്സരം പുരോഗമിക്കുംതോറും ഷര്‍ദ്ദുല്‍ അടിവാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ കനത്ത നാണക്കേടും പേരിലായി.

കേരള ഇന്നിംഗ്സിലെ 20-ാം ഓവറില്‍ സല്‍മാന്‍ നിസാര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ മൂന്ന് സിക്സിനും ഒരു ഫോറിനും പായിച്ചു. ഇതോടെ താരം തന്റെ നാലോവറില്‍ ഒരു വിക്കറ്റ് മാത്രം നേടി 69 റണ്‍സ് വിട്ടുകൊടുക്കുന്ന നിലയിലായി. 17.25 ആയിരുന്നു താരത്തിന്റെ ഇക്കോണമി. ഇന്ത്യന്‍ സീനിയര്‍ ടീമിനായി കളിച്ച പരിചയമോ ഐപിഎല്‍ അനുഭവമോ ഷര്‍ദ്ദുലിന് തുണയായില്ല. അതേസമയം ഷര്‍ദ്ദുല്‍ ഠാക്കൂറിനെതിരെ ഇന്നിംഗ്സിലെ അവസാന പന്തില്‍ സിക്സര്‍ നേടിയ സല്‍മാന്‍ കേരളത്തെ 235 റണ്‍സില്‍ എത്തിക്കുകയും വ്യക്തിഗത സ്‌കോര്‍ 99* ആക്കുകയും ചെയ്തു.

പൊരുതി വീണ് മുംബൈ

മറുപടി ബാറ്റിങ്ങില്‍ പൃഥി ഷായും അംക്രിഷ് രഘുവംശിയും ചേര്‍ന്ന് മുംബൈക്ക് തരക്കേടില്ലാത്ത തുടക്കം നല്‍കിയിരുന്നു. ടീം സ്‌കോര്‍ 31ല്‍ നില്‍ക്കെ നാലാം ഓവറിലെ രണ്ടാം പന്തില്‍ എം.ഡി. നിധീഷിന്റെ ഇരയായി ഷാ മടങ്ങി. 13 പന്തില്‍ രണ്ടു വീതും ഫോറും സിക്‌സുമടക്കം 23 റണ്‍സെടുത്ത മുന്‍ ഇന്ത്യന്‍ താരത്തെ അജിനാസാണ് കൈകളിലൊതുക്കിയത്. 15 പന്തില്‍ 16 റണ്‍സെടുത്ത രഘുവംശിയെയും നിധീഷ് പുറത്താക്കി. ഇക്കുറി ബാസിതിനായിരുന്നു ക്യാച്ച്.

തുടര്‍ന്ന് ശ്രേയസ് അയ്യരും രഹാനെയും ചേര്‍ന്ന പരിചയസമ്പന്ന ജോടിയില്‍ മുംബൈക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, മികച്ച തുടക്കം കിട്ടി മുന്നേറുകയായിരുന്ന അയ്യരെ ബാസിത് തിരിച്ചയച്ചു. 18 പന്തില്‍ രണ്ടുവീതം ഫോറും സിക്‌സുമടക്കം 32 റണ്‍സായിരുന്നു അയ്യരുടെ സമ്പാദ്യം. ഷംസ് മുലാനിയും (അഞ്ച്) സൂര്യാംശ് ഷെഡ്‌ജെയും (ഒമ്പത്) എളുപ്പം പുറത്തായെങ്കിലും മറുതലക്കല്‍ ആഞ്ഞടിച്ച രഹാനെയാണ് കേരളത്തിന് ഭീഷണി ഉയര്‍ത്തിയത്.

35 പന്തില്‍ അഞ്ചു ഫോറും നാലു സിക്‌സുമടക്കം 68 റണ്‍സിലെത്തിയ രഹാനെയെ 18-ാം ഓവറിലെ ആദ്യപന്തില്‍ വിനോദ് കുമാറിന്റെ പന്തില്‍ അജിനാസ് പിടികൂടിയതോടെ കേരളത്തിന്റെ പ്രതീക്ഷ കനത്തു. ഹാര്‍ദിക് തമോറെ (13 പന്തില്‍ 23), ഷാര്‍ദുല്‍ താക്കൂര്‍ (മൂന്ന്), മോഹിത് അവസ്തി (ഒന്ന്) എന്നിവരും പുറത്തായതോടെ കേരളത്തിന്റെ സ്വപ്നവിജയം സാക്ഷാത്കൃതമായി. സല്‍മാന്‍ നിസാറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. 2021ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറി മികവിലും മുഷ്താഖ് അലി ട്രോഫിയില്‍ കേരളം മുംബൈയെ വീഴ്ത്തിയിരുന്നു. ഇന്ന് ആ ചുമതല ഏറ്റെടുത്തതാകട്ടെ രോഹന്‍ കുന്നുമ്മലും സല്‍മാന്‍ നിസാറും.

Tags:    

Similar News