രണ്ട് സെഞ്ചുറി, മൂന്ന് അർധ സെഞ്ചുറി, ലോകകപ്പിൽ നേടിയത് 571 റൺസ്; ഐസിസി ബാറ്റർമാരുടെ റാങ്കിംഗിൽ തലപ്പത്ത് ആ താരം; സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ടീം റാങ്കിംഗില്‍ മുന്നിൽ ഓസീസ്
ദുബായ്: വനിതാ ഏകദിന ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന ഐസിസി ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരം സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായ ലോറ വോൾവാർഡാണ് പുതിയ ഒന്നാം സ്ഥാനക്കാരി. ലോകകപ്പ് ടൂർണമെന്റിന് മുമ്പ് വരെ മന്ദാനയായിരുന്നു ഒന്നാം സ്ഥാനത്ത്.
ലോകകപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കൻ ഓപ്പണർ ലോറ വോൾവാർഡ്, ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 71.37 ശരാശരിയിൽ 571 റൺസ് നേടി. ഇതിൽ രണ്ട് സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. ഇംഗ്ലണ്ടിനെതിരെ നേടിയ 169 റൺസാണ് അവരുടെ ഉയർന്ന സ്കോർ. 814 റേറ്റിംഗ് പോയിന്റോടെയാണ് വോൾവാർഡ് ഒന്നാം സ്ഥാനത്തെത്തിയത്.
ഏകദിന ലോകകപ്പിൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തെത്തിയ സ്മൃതി മന്ദാന, ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 54.25 ശരാശരിയിൽ 434 റൺസ് നേടി. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും നേടിയ മന്ദാനയുടെ ഉയർന്ന സ്കോർ 109 ആണ്. 811 റേറ്റിംഗ് പോയിന്റോടെ അവർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
റാങ്കിംഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയാണ് ഇന്ത്യൻ താരം ജെമീമ റോഡ്രിഗ്സ് ആദ്യമായി ആദ്യ പത്തിൽ ഇടം നേടിയത്. ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തേക്ക് ഉയർന്ന റോഡ്രിഗ്സ്, ലോകകപ്പിൽ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 292 റൺസ് നേടിയിരുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ പുറത്താവാതെ നേടിയ 127 റൺസാണ് അവരുടെ ഉയർന്ന സ്കോർ.
ആഷ്‌ലി ഗാർഡ്‌നർ (ഓസ്ട്രേലിയ), നതാലി സ്കർ ബ്രന്റ് (ഇംഗ്ലണ്ട്), ബേത് മൂണി (ഓസ്ട്രേലിയ), അലീസ ഹീലി (ഓസ്ട്രേലിയ), സോഫി ഡിവൈൻ (ന്യൂസിലൻഡ്), എല്ലിസ് പെറി (ഓസ്ട്രേലിയ), ഹെയ്‌ലി മാത്യൂസ് (വെസ്റ്റ് ഇൻഡീസ്) എന്നിവർ യഥാക്രമം മൂന്ന് മുതൽ ഒമ്പത് വരെ സ്ഥാനങ്ങളിൽ തുടരുന്നു. ബൗളർമാരുടെ റാങ്കിംഗിൽ സോഫി എക്ലെസ്റ്റോൺ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപ്പ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യ ഏകദിന ലോകകപ്പ് ഉയര്‍ത്തിയെങ്കിലും ടീം റാങ്കിംഗില്‍ ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമത്. ഇംഗ്ലണ്ടിന് പിന്നില്‍ മൂന്നാമതാണ് ഇന്ത്യ. റണ്ണേഴ്‌സ് അപ്പായ ദക്ഷിണാഫ്രിക്ക നാലാമത്.
