എന്താ ഇപ്പോ ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിക്കണ്ടേ? ചാമ്പ്യന്‍സ് ട്രോഫിയില്‍ പുറത്തായത് പിന്നാലെ ബെന്‍ ഡക്കറ്റിന് ട്രോള്‍ വര്‍ഷം

Update: 2025-02-27 07:10 GMT

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് ഇംഗ്ലണ്ട് ടീം സെമി കാണാതെ പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന് നേരെ ട്രോള്‍ പരിഹാസം. ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പായി നടന്ന ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയില്‍ 3-0ന് തോറ്റതിനു പിന്നാലെ, ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന തരത്തില്‍ ഡക്കറ്റ് നടത്തിയ പരാമര്‍ശമാണ് ട്രോളുകള്‍ക്ക് കാരണം.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര 3-0ന് നഷ്ടമാകുന്ന സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ്, ആഴ്ചകള്‍ക്കു മുന്‍പ് ബെന്‍ ഡക്കറ്റ് ചമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പരാമര്‍ശം നടത്തിയത്. 'ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര 3-0ന് നഷ്ടപ്പെട്ടാലും, അവരെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോല്‍പ്പിക്കുന്നിടത്തോളം കാലം ഞാനത് വിഷയമാക്കുന്നില്ല' എന്നായിരുന്നു ഡക്കറ്റിന്റെ പ്രസ്താവന. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഈ തോല്‍വി ആരും ഓര്‍ക്കില്ലെന്നും ഡക്കറ്റ് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ബിയില്‍നിന്ന് സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ഡക്കറ്റിനെതിരായ ട്രോളുകള്‍ വ്യാപകമായത്. ഇംഗ്ലണ്ടിന്റെ പുറത്താകലിലേക്കു നയിച്ച അഫ്ഗാനിസ്ഥാനെതിരായ മത്സരം നടക്കുന്നതിനിടെ തന്നെ ഡക്കറ്റിനെ 'ട്രോളി' മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു.

അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് എട്ട് റണ്‍സിന് ഇംഗ്ലണ്ടിനെ അഫ്ഗാന്‍ പരാജയപ്പെടുത്തുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ട് 49.5 ഓവറില്‍ 317 റണ്‍സില്‍ എല്ലാവരും പുറത്തായി. നേരത്തെ ഇബ്രാഹിം സദ്രാന്റെ പോരാട്ടമാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. 146 പന്തുകള്‍ നേരിട്ട് 12 ഫോറും ആറ് സിക്‌സറും സഹിതം സദ്രാന്‍ 177 റണ്‍സെടുത്തു.

Tags:    

Similar News