ടി 20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യക്കാരന്‍; അശ്വിന്റെയും, രവി ബിഷ്‌ണോയിയുടെയും റെക്കോഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി; മൂന്ന് മത്സരത്തില്‍ നിന്ന് ഇതുവരെ നേടിയത് പത്ത് വിക്കറ്റുകള്‍
സെഞ്ചൂറിയന്‍: ടി20 പരമ്പരയില്‍ ഏറ്റവും വിക്കറ്റ് നേടിയ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കി ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രബര്‍ത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിലായിരുന്നു വരുണിന്റെ നേട്ടം. നാലോവര്‍ എറിഞ്ഞ വരുണ്‍ 54 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സ്, ക്യാപ്റ്റന്‍ എയ്ഡ്ന്‍ മാര്‍ക്രം എന്നിവരുടെ വിക്കറ്റുകളാണ് നേടിയത്. ഇതോടെ അശ്വിന്റെയും രവി ബിഷ്ണോയിയുടെയും റെക്കോര്‍ഡ് പഴംകഥയായി.
പരമ്പരയില്‍ ഒരു മത്സരം കൂടി അവശേഷിക്കെ വരുണ്‍ ചക്രവര്‍ത്തി ഇതുവരെ പത്തുവിക്കറ്റുകള്‍ നേടി. 2016 ല്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി20 പരമ്പരയിലായിരുന്നു അശ്വിന്റെ 9 വിക്കറ്റ് നേട്ടം. 2023ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 പരമ്പരയില്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയ് അശ്വിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കുംമുന്‍പേ മലയാളിതാരം സഞ്ജുവിനെ പുറത്താക്കിയെങ്കിലും അഭിഷേക് ശര്‍മയും തിലക് വര്‍മയും തകര്‍ത്തടിച്ചതോടെ ഇന്ത്യക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായി. നിശ്ചിത ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടി. ഏഴ് സിക്സും എട്ട് ബൗണ്ടറികളും ഉള്‍പ്പെട 57 പന്ത് നേരിട്ട തിലക് വര്‍മ 107 റണ്‍സ് നേടി. അഭിഷേക് 25 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടി.
മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും ഏഴിന് 208ല്‍ അവസാനിച്ചു. 17 പന്തില്‍ 54 റണ്ണെടുത്ത മാര്‍ക്കോ ജാന്‍സെനാണ് അവസാന ഘട്ടത്തില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയത്. ഇരുപതാം ഓവറില്‍ ജാന്‍സണെ മടക്കി അര്‍ഷ്ദീപ് സിങ് ജയമൊരുക്കി. അര്‍ഷ്ദീപ് മൂന്ന് വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി രണ്ടും, അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.