'ഇനി എല്ലാവരും ഐപിഎല്‍ കാണുന്നത് നിര്‍ത്തും; ഞങ്ങള്‍ നന്നായി കളിച്ചാല്‍ ആരാധകര്‍ പാക്കിസ്ഥാന്‍ ലീഗ് കാണും'; അവകാശവാദവുമായി ഹസന്‍ അലി; ഞെട്ടിയത് റഷിദ് ലത്തീഫ്

അവകാശവാദവുമായി പാക്ക് ക്രിക്കറ്റ് താരം

Update: 2025-04-09 10:15 GMT

ലഹോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ വിജയകരമായി തുടരുന്നതിനിടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് പത്താം സീസണ്‍ ഏപ്രില്‍ പതിനൊന്നിന് തുടക്കമാകുകയാണ്. ഇത്തവണ ഐപിഎല്ലിന് സമാന്തരമായാണ് പിഎസ്എല്‍ നടക്കുന്നത്. അതേ സമയം ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ് പാക്കിസ്ഥാന്‍ പേസറായ ഹസന്‍ അലി. പി എസ് എല്‍ കാണുന്നതായി ആളുകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒഴിവാക്കുമെന്നാണ് പാക്ക് ക്രിക്കറ്റ് താരം ഹസന്‍ അലി അവകാശപ്പെടുന്നത്.

ഐപിഎലും പാക്കിസ്ഥാന്‍ ലീഗും ഒരേ സമയത്തു നടത്താന്‍ തീരുമാനിച്ചതോടെയാണു പാക്ക് പേസറുടെ പ്രസ്താവന. സാധാരണയായി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കാറ്. ഈ വര്‍ഷം പാക്കിസ്ഥാന് രാജ്യാന്തര മത്സരങ്ങള്‍ ഏറെയുള്ളതിനാല്‍, ട്വന്റി20 ലീഗ് ഏപ്രില്‍ മെയ് മാസത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഐപിഎല്‍ മത്സരങ്ങളുള്ളതിനാല്‍ പ്രധാനപ്പെട്ട വിദേശ താരങ്ങളൊന്നും പാക്കിസ്ഥാനില്‍ കളിക്കുന്നില്ല. ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങാത്ത വിദേശ താരങ്ങളെയാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിപ്പിക്കുന്നത്. എന്നിട്ടും ഐപിഎല്ലിനെ ഐഎസ്എല്‍ മറികടക്കുമെന്ന പാക്ക് താരത്തിന്റെ വീരവാദം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

''മികച്ച ക്രിക്കറ്റും വിനോദവും ഉള്ള മത്സരങ്ങളാണ് ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലേത് തകര്‍പ്പന്‍ മത്സരങ്ങള്‍ ആണെങ്കില്‍ ആളുകള്‍ ഐപിഎല്‍ ഉപേക്ഷിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കാണാന്‍ വരും.'' ഹസന്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

അതേസമയം നേരത്തെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ തുടര്‍ തോല്‍വിക്ക് കാരണം ഐപിഎല്‍ എന്ന് വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ് രംഗത്തെത്തിയിരുന്നു. പാക്ക് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ കഴിയാത്തതാണ് ടീമിന് നിലവാരത്തിനൊത്ത് പ്രകടനം നടത്താന്‍ സാധിക്കാത്തതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര തലത്തില്‍ മോശം ഫോമിലാണ് സമീപകാലത്ത് പാക്കിസ്ഥാന്‍. സ്വന്തം നാട്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ശേഷം ന്യൂസീലന്‍ഡില്‍ പര്യടനത്തിനെത്തിയ പാക്കിസ്ഥാന്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. അഞ്ച് ട്വന്റി 20കളുള്ള പരമ്പരയില്‍ ഒരു മല്‍സരം മാത്രമാണ് പാക്കിസ്ഥാന്‍ ജയിച്ചത്. മൂന്ന് ഏകദിന മല്‍സരങ്ങളിലും ടീം തോറ്റു.

പാക്ക് സൂപ്പര്‍ ലീഗിന്റെ പത്താം എഡിഷനില്‍ കറാച്ചി കിങ്‌സ് ടീമിന്റെ താരമാണ് ഹസന്‍ അലി. ഏപ്രില്‍ 11നാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കു തുടക്കമാകുന്നത്. ഇസ്‌ലാമബാദ് യുണൈറ്റഡും ലഹോര്‍ ക്വാലാന്‍ഡേഴ്‌സും തമ്മിലാണ് പിഎസ്എലിലെ ഉദ്ഘാടന മത്സരം. ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം അതിനു പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളും കൈവിട്ടിരുന്നു.

Tags:    

Similar News