8 പന്തില്‍ അടിച്ചെടുത്തത് 27 റണ്‍സ്; ഡല്‍ഹി ക്യാപിറ്റല്‍സ് 50 ലക്ഷത്തിന് സ്വന്തമാക്കിയ വിപ്രജിന്റെ കിടിലന്‍ ബാറ്റിങ്
ബംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ ആന്ധ്രാപ്രദേശിനെ വീഴ്ത്തി ക്വാര്‍ട്ടറിലേക്ക് മുന്നേറി പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ഉത്തര്‍പ്രദേശ്. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. മറുപടി നല്‍കിയ യുപി 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു വിജയം പിടിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഹിറ്റര്‍ റിങ്കു സിങിന്റെ അവസരോചിത ഇന്നിങ്സും എട്ടാമനായി എത്തി അതിവേഗം റണ്‍സടിച്ച വിപ്രജ് നിഗമെന്ന 20കാരന്റെ ചങ്കൂറ്റവുമാണു യുപി ജയം അനായാസമാക്കിയത്. വെറും 8 പന്തില്‍ 27 റണ്‍സാണ് വിപ്രജ് തൂക്കിയത്. 3 ഫോറും 2 സിക്സും ഉള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ്. റിങ്കു 3 ഫോറും ഒരു സിക്സും സഹിതം 22 പന്തില്‍ 27 റണ്‍സെടുത്തു. ഇരുവരും പുറത്താകാതെ നിന്നു.
വെറും 18 പന്തില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 48 റണ്‍സ്. അവസാന 18 പന്തില്‍ 26 റണ്‍സായിരുന്നു യുപിയ്ക്ക് ജയത്തിലേക്ക് വേണ്ടിയിരുന്നത്. 17ാം ഓവറില്‍ ഇരുവരും ചേര്‍ന്നു 22 റണ്‍സ് അടിച്ചെടുത്തു. വിജയത്തിലേക്ക് ബാറ്റേന്തിയ യുപിയ്ക്കായി കരണ്‍ ശര്‍മയും ആര്യന്‍ ജുയലും ചേര്‍ന്നു മികച്ച തുടക്കമാണ് യുപിയ്ക്ക് നല്‍കിയത്. കരണ്‍ ശര്‍മയായിരുന്നു കൂടുതല്‍ ആക്രമിച്ചത്. താരം 31 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 48 റണ്‍സെടുത്തു.
ഇക്കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ താരമാണ് വിപ്രജ്. മുംബൈ ഇന്ത്യന്‍സാണ് താരത്തിനായി രംഗത്തെത്തിയ മറ്റൊരു ടീം. ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയ്ക്കായി 22 പന്തില്‍ 34 റണ്‍സുമായി പുറത്താകാതെ നിന്ന എസ്ഡിഎന്‍വി പ്രസാദാണ് മികച്ച ബാറ്റിങ് നടത്തിയത്. ക്യാപ്റ്റന്‍ റിക്കി ഭുയി 18 പന്തില്‍ 23 റണ്‍സും കെവി ശശികാന്ത് 8 പന്തില്‍ 23 റണ്‍സും അടിച്ചെടുത്ത് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. വിപ്രജ് ബൗളിങിലും തിളങ്ങി. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.