'എന്റെ മകന് സ്ഥിരമായി അവസരം നല്‍കുന്നില്ല'! 'മികച്ച പ്രകടനം കാഴ്ചവച്ചാലും ഒന്നോ രണ്ടോ മത്സരങ്ങളില്‍ തിളങ്ങിയില്ലെങ്കില്‍ വാഷിങ്ടനെ പുറത്തിരുത്തുന്നു; ഇന്ത്യയില്‍ മറ്റൊരു താരത്തിനുമില്ലാത്ത ദുര്‍ഗതി; സിലക്ടര്‍മാര്‍ പ്രകടനം വേണ്ടവിധം കാണണം'; ഇന്ത്യന്‍ ടീം സെലക്റ്റര്‍മാര്‍ക്കെതിരെ ആരോപണവുമായി വാഷിംഗ്ടണ്‍ സുന്ദറിന്റെ അച്ഛന്‍
ഇന്ത്യന്‍ ടീം സെലക്റ്റര്‍മാര്‍ക്കെതിരെ ആരോപണവുമായി വാഷിംഗ്ടണ്‍ സുന്ദറിന്റെ അച്ഛന്‍
ചെന്നൈ: മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് ഒപ്പം മിന്നും സെഞ്ചുറിയുമായി ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദര്‍ ഇന്ത്യക്ക് സമനില സമ്മാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്റ്റര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് സുന്ദറിന്റെ അച്ഛന്‍ എം സുന്ദര്‍. ദേശീയ ടീമില്‍ മകന് സ്ഥിരമായി അവസരങ്ങള്‍ ലഭിക്കാത്തതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന നാലാം ടെസ്റ്റില്‍ വാഷിംഗ്ടണിന്റെ നടത്തിയ സെഞ്ചുറി പ്രകടനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടും വാഷിങ്ടന്‍ സുന്ദര്‍ നേരിടുന്നത് തികഞ്ഞ അവഗണനയാണെന്നാണ് വിമര്‍ശനം. ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു താരവും നേരിടാത്ത തരം അവഗണനയാണ് വാഷിങ്ടന്‍ സുന്ദര്‍ നേരിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മികച്ച പ്രകടനം കാഴ്ചവച്ചാലും ഒന്നോ രണ്ടോ മത്സരങ്ങളില്‍ തിളങ്ങിയില്ലെങ്കില്‍ വാഷിങ്ടനിനെ പുറത്തിരുത്താനുള്ള പ്രവണത ശക്തമാണ്. സിലക്ടര്‍മാര്‍ ദയവുചെയ്ത് മകന്റെ പ്രകടനം വേണ്ടവിധം കാണണമെന്നും സുന്ദര്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി സ്ഥിരതയോടെ കളിക്കുന്ന താരമാണ് വാഷിങ്ടന്‍. എന്നിട്ടും ആളുകള്‍ അവനെ അവഗണിക്കുകയും പലപ്പോഴും മറക്കുകയും ചെയ്യുന്നു. മറ്റു കളിക്കാര്‍ക്ക് സ്ഥിരമായി അവസരം ലഭിക്കുമ്പോള്‍ത്തന്നെ, എന്റെ മകന്‍ അവഗണിക്കപ്പെടുന്നു. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലേതുപോലെ വാഷിങ്ടനെ സ്ഥിരമായി അഞ്ചാം നമ്പറില്‍ ഇറക്കണം. അങ്ങനെ സ്ഥിരമായി അഞ്ച് മുതല്‍ 10 വരെ ടെസ്റ്റുകളില്‍ അവസരം നല്‍കി നോക്കൂ. ഇംഗ്ലണ്ടിലെത്തിയ ശേഷം ആദ്യ മത്സരത്തില്‍ അവന് അവസരം ലഭിക്കാതിരുന്നത് എനിക്ക് അദ്ഭുതകരമായി തോന്നി. സിലക്ടര്‍മാര്‍ ദയവു ചെയ്ത് അവന്റെ പ്രകടനം കാണണം' സുന്ദര്‍ പറഞ്ഞു.
ലോഡ്‌സ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ വാഷിങ്ടന്‍ സുന്ദര്‍ നാലു വിക്കറ്റും വീഴ്ത്തിയിരുന്നു. ഒന്നോ രണ്ടോ മത്സരങ്ങളില്‍ പരാജയപ്പെടുമ്പോഴേക്കും വാഷിങ്ടന്‍ സുന്ദറിനെ പുറത്തിരുത്താനുള്ള പ്രവണത ശക്തമാണെന്നും സുന്ദര്‍ ആരോപിച്ചു. മറ്റു താരങ്ങളുടെ കാര്യത്തില്‍ ഇത്ര തീക്ഷ്ണത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
''വാഷിംഗ്ടണ്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എന്നിരുന്നാലും, ആളുകള്‍ അവന്റെ പ്രകടനങ്ങള്‍ കണക്കിലെടുക്കാറോ സംസാരിക്കാറോ ഇല്ല. മറ്റ് കളിക്കാര്‍ക്ക് പതിവായി അവസരങ്ങള്‍ ലഭിക്കുന്നു, എന്റെ മകന് മാത്രം അത്രത്തോളം ലഭിക്കുന്നില്ല. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ചെയ്തതുപോലെ വാഷിംഗ്ടണ്‍ സ്ഥിരമായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണം. മാത്രമല്ല, തുടര്‍ച്ചയായി അഞ്ച് മുതല്‍ പത്ത് മത്സരങ്ങളില്‍ അവസരങ്ങള്‍ നല്‍കട്ടെ. ആദ്യ ടെസ്റ്റില്‍ അവനെ കളിപ്പിച്ചില്ലെന്നത് അതിശയകരമാണ്. സെലക്ടര്‍മാര്‍ അദ്ദേഹത്തിന്റെ പ്രകടനം നിരീക്ഷിക്കണം.'' അദ്ദേഹം പറഞ്ഞു.
2017ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വാഷിംഗ്ടണ്‍. 2021ല്‍ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. വെറും 11 ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നിരുന്നാലും, 44.86 എന്ന മികച്ച ബാറ്റിംഗ് ശരാശരിയും 27.87 എന്ന ബൗളിംഗ് ശരാശരിയും അദ്ദേഹത്തിനുണ്ട്. 2021ല്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ കുറിച്ചും എം സുന്ദര്‍ സംസാരിച്ചു. ''2021ല്‍ ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ 85 റണ്‍സും അഹമ്മദാബാദില്‍ 96 റണ്‍സും അവന്‍ നേടി. അതും ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍. ഒന്നോ രണ്ടോ മത്സരങ്ങളില്‍ പരാജയപ്പെട്ടാലും എന്റെ മകന്‍ പുറത്താകും. അത് ന്യായമല്ല.'' അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണിന്റെ ഐപിഎല്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് അവസരം നല്‍കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ഗുജറാത്ത് ടൈറ്റന്‍സ് അവന് പതിവായി അവസരങ്ങള്‍ നല്‍കുന്നില്ല. ഐപിഎല്‍ 2025 എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 24 പന്തില്‍ നിന്ന് 48 റണ്‍സ് നേടി അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു. യശസ്വി ജയ്‌സ്വാളിന് രാജസ്ഥാന്‍ എങ്ങനെയാണ് പിന്തുണ നല്‍കിയതെന്ന് നോക്കൂ.'' അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ കളിച്ച വാഷിംഗ്ടണ്‍ ഇതുവരെ 205 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. വിക്കറ്റ് കോളത്തിലും താരത്തിന്റെ പേര് രേഖപ്പെടുത്താനായി. മൂന്ന് മത്സങ്ങളില്‍ ഏഴ് വിക്കറ്റാണ് വാഷിംഗ്ടണ്‍ വീഴ്ത്തിയത്. ഒരു തവണ നാല് വിക്കറ്റ് നേട്ടവും കൈവരിച്ചു.