പരമ്പര ഉറപ്പിച്ചതോടെ ഓസ്‌ട്രേലിയൻ ടീമിൽ വൻ അഴിച്ചുപണി; ജാക്ക് എഡ്വേര്‍ഡ്‌സ്, ബീര്‍ഡ്മാന്‍ പുതുമുഖങ്ങള്‍; ടി20 ടീമിൽ തിരിച്ചെത്തി ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ;
സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര നേട്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ ടീമിൽ വൻ അഴിച്ചുപണി. ഇന്ത്യക്കെതിരായ അവസാന ഏകദിന മത്സരത്തിനും തുടർന്നുള്ള ടി20 പരമ്പരയ്ക്കുമുള്ള ടീമുകളിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ ടി20 പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പരിശീലനത്തിനിടെയാണ് മാക്സ്‌വെല്ലിന് പരിക്കേറ്റത്.
ഏകദിന ടീമിൽ പുതുമുഖങ്ങളായ ജാക്ക് എഡ്വേർഡ്‌സിനെയും മഹ്‌ലി ബീർഡ്മാനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ എ ടീമിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ജാക്ക് എഡ്വേർഡ്‌സിന് സീനിയർ ടീമിലേക്ക് വഴിതുറന്നത്. ഓസീസ് എ ടീമിനെ നയിച്ച താരം രണ്ടാം ചതുർദിന ടെസ്റ്റിൽ 88 റൺസും ഏകദിന പരമ്പരയിൽ 89 റൺസും നേടിയിരുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ 20 വയസ്സുകാരനായ മഹ്‌ലി ബീർഡ്മാനും എ ടീമിലെയും ബിഗ് ബാഷ് ലീഗിലെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് ടീമിലെത്തുന്നത്.
ഇതിനിടെ, ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് ചില കളിക്കാർക്ക് വിശ്രമം നൽകിയിട്ടുണ്ട്. ഏകദിന ടീമിലുണ്ടായിരുന്ന മർനസ് ലാബുഷെയ്‌നെ ഷെഫീൽഡ് ഷീൽഡ് പോരാട്ടത്തിനായി ടീമിൽ നിന്ന് ഒഴിവാക്കി. ആഷസ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഈ നീക്കം. പേസർമാരായ ജോഷ് ഹെയ്‌സൽവുഡ്, സീൻ ആബട്ട് എന്നിവരും ഷെഫീൽഡ് ഷീൽഡ് മത്സരങ്ങൾക്കായി ടി20 പരമ്പരയുടെ അവസാനം ടീം വിടും. സ്പിന്നർ മാത്യു കുനെമൻ മൂന്നാം ഏകദിന ടീമിലേക്ക് തിരിച്ചെത്തും.
മൂന്നാം ഏകദിനത്തിനുള്ള ഓസ്ട്രേലിയ ടീം:
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, അലക്‌സ് കാരി, കൂപ്പര്‍ കോണോലി, ജാക്ക് എഡ്വേര്‍ഡ്‌സ്, നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാറ്റ് റെന്‍ഷോ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.
ഓസ്ട്രേലിയ ടി20 ടീം:
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീന്‍ ആബട്ട് (ആദ്യ മൂന്ന് മത്സരങ്ങള്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മഹ്ലി ബീര്‍ഡ്മാന്‍ (അവസാന മൂന്ന് മത്സരങ്ങള്‍), ടിം ഡേവിഡ്, ബെന്‍ ഡ്വാര്‍ഷുയിസ് (അവസാന രണ്ട് മത്സരങ്ങള്‍), നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ് (ആദ്യ രണ്ട് മത്സരങ്ങള്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.
