വനിതാ ടി20 ലോകകപ്പ്; ഇന്ന് ആദ്യ സെമി പോരാട്ടം; തുടർച്ചയായ നാലാം ഫൈനൽ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ; കണക്ക് തീർക്കാൻ സൗത്ത് ആഫ്രിക്ക

Update: 2024-10-17 12:07 GMT

ദുബായി: വനിതാ ടി20 ലോകകപ്പിൽ ഇന്ന് ആദ്യ സെമി പോരാട്ടം. ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് നടക്കുന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയുടെ എതിരാളികൾ ശക്തരായ ഓസ്‌ട്രേലിയയാണ്. ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാതെ സെമിയിലെത്തിയ കങ്കാരുപ്പട ആത്മവിശ്വാസത്തോടെയാവും സൗത്ത് ആഫ്രക്കയെ നേരിടാൻ ഇറങ്ങുക.

ഇന്നത്തെ മത്സരം ജയിച്ച് തുടർച്ചയായ നാലാം വട്ടം ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുകയാവും കങ്കാരുപ്പടയുടെ മുന്നിലുള്ള ലക്‌ഷ്യം. അതേസമയം കഴിഞ്ഞ തവണ ഓസ്‌ട്രേലിയക്കെതിരെയുള്ള ഫൈനൽ തോൽവിക്ക് മറുപടി നൽകുകയാവും സൗത്ത് ആഫ്രിക്കക്ക് മുന്നിലുള്ള വെല്ലുവിളി.

ടി20 മത്സരങ്ങളിൽ സൗത്ത് ആഫ്രിക്കക്ക് മേൽ വ്യക്തമായ ആധിപത്യം ഓസ്‌ട്രേലിയക്കുണ്ട്. പരസ്പരം 10 മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 9 തവണയും ജയം കങ്കാരുക്കൾക്കൊപ്പമായിരുന്നു. എന്നാൽ പരിക്കുകൾ ഓസ്‌ട്രേലിയക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ക്യാപ്റ്റൻ അലിസ്സ ഹീലിയ്ക്ക് സെമി ഫൈനൽ നഷ്ടമാവാനാണ് സാധ്യത. ഇതിനാൽ ഗ്രേസ് ഹാരിസ് ആവും ടീമിനെ നയിക്കുക.

എന്നാൽ പരിക്കുകൾ നേരിടുന്ന ഓസ്‌ട്രേലിയൻ ടീമിനെ തകർക്കാൻ ദുബായ് സ്റ്റേഡിയത്തിലെ പിച്ചിന്റെ സാഹചര്യങ്ങളെ മുതലെടുക്കാൻ കഴിവുള്ള സൗത്ത് ആഫ്രിക്കൻ നിരയ്ക്ക് കഴിഞ്ഞാൽ നിലവിലെ ചാമ്പ്യാന്മാരുടെ ഫൈനൽ മോഹങ്ങൾക്ക് വിരാമമാവും. 

Tags:    

Similar News