വനിതാ ടി20 ലോകകപ്പ്; ഇന്ന് രണ്ടാം സെമി ഫൈനൽ; ന്യൂസിലാൻഡ് വെസ്റ്റ് ഇൻഡീസിനെ നേരിടും
ഷാർജാ: വനിതാ ടി20 ലോകകപ്പിൽ ഇന്ന് രണ്ടാം സെമി ഫൈനൽ. ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലാൻഡ് ആണ് വെസ്റ്റ് ഇൻഡീസിന്റെ എതിരാളികൾ. ആദ്യ സെമിയിൽ ശക്തരായ ഓസ്‌ട്രേലിയയെ തകർത്ത് സൗത്ത് ആഫ്രിക്ക ഫൈനലിൽ പ്രവേശനം നേടി.
മികച്ച ഫോമിലാണ് വെസ്റ്റ് ഇൻഡീസ് സെമിയിലെത്തുന്നത്. നിർണായക മത്സരത്തിൽ ശക്തരായ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയം നൽകുന്ന ആത്മവിശ്വാസത്തിലാവും വെസ്റ്റ് ഇൻഡീസ് ഇന്നിറങ്ങുക. ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസാണ് വിൻഡീസ് പടയുടെ വജ്രായുധം. അവസാന മത്സരത്തിൽ 50 റൺസും, രണ്ട് വിക്കറ്റും നേടിയ താരം മരണപോരാട്ടത്തിലെ ജയത്തിന് നിർണായക പങ്ക് വഹിച്ചു. ഗ്രൂപ്പ് ചാമ്പ്യാന്മാരായാണ് വിൻഡീസിന്റെ സെമി പ്രവേശനം.
അതേസമയം, ടൂർണമെന്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ കിവിപ്പടക്കായി. പരിചയ സമ്പന്നർക്കൊപ്പം ഒരുപിടി മികച്ച യുവ താരങ്ങളും ടീമിനുണ്ട്. 10 വിക്കറ്റുമായി അമേലിയ കെർ ആണ് ന്യൂസിലാൻഡ് ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുന. ബാറ്റിംഗ് നിറയും മികച്ച ഫോമിലാണ്. കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ജയിച്ച ടീം രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്.
ടി20 മത്സരങ്ങളുടെ കണക്കുകളിൽ വിൻഡീസ് പടയ്ക്ക് മേൽ വ്യക്തമായ ആധിപത്യം കിവികൾക്കുണ്ട്. 23 മത്സരങ്ങളിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 17 തവണയും വിജയം ന്യൂസീലൻഡിനൊപ്പമായിരുന്നു. എന്നാൽ രണ്ടാം ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന വിൻഡീസിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കാം. സ്പിന്നിനെ തുണയ്ക്കുന്ന ഷാർജാ മൈതാനത്ത് ടൂർണമെന്റിൽ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന അമേലിയ കേറിന്റെ പ്രകടനം കിവികൾക്ക് നിർണായകമാവും.
ഞായറാഴ്ചയാണ് ഫൈനൽ മത്സരം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രണ്ടാം സെമിയിലെ വിജയികൾ സൗത്ത് ആഫ്രിക്കയെ നേരിടും.