ധനശ്രീക്ക് ജീവനാംശമായി യുസ്വേന്ദ്ര ചെഹല്‍ നല്‍കുക 60 കോടിയോളം രൂപ?; ഐപിഎല്ലിന് ഒരുങ്ങവെ വീണ്ടും സജീവമായി താരത്തിന്റെ വിവാഹമോചന വാര്‍ത്ത; പ്രതികരിക്കാതെ ചെഹലും ധനശ്രീയും
ചെഹലും ധനശ്രീയും വിവാഹമോചനത്തിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിന്റെ വിവാഹ മോചന വാര്‍ത്ത പ്രചരിക്കുന്നു. നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും ചെഹലും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. വിവാഹമോചന കരാറിന്റെ ഭാഗമായി ചഹല്‍ ധനശ്രീക്ക് ജീവനാംശമായി ഏതാണ്ട് 60 കോടി രൂപ നല്‍കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. എന്നാല്‍ വിവാഹമോചനത്തെക്കുറിച്ചോ ജീവനാംശത്തെക്കുറിച്ചോ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞവര്‍ഷം അവസാനത്തില്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ചെഹല്‍ ഡിലീറ്റുചെയ്യുകകൂടി ചെയ്തതോടെ അഭ്യൂഹം കനത്തു. പക്ഷേ, ധനശ്രീ പങ്കുവെച്ച ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോഴുമുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ മുഖമില്ലാത്ത ചില ആളുകള്‍ അടിസ്ഥാനമില്ലാത്ത ചില വാദങ്ങള്‍ ഉന്നയിക്കുന്നുവെന്ന് കുറ്റപ്പെടുത്തി ധനശ്രീ നേരത്തേ ഇതിനെതിരേ രംഗത്തുവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ചില കാര്യങ്ങളെക്കുറിച്ച് വരുന്ന ഊഹാപോഹങ്ങള്‍ ശരിയാവണമെന്നില്ലെന്ന് ചെഹലും കഴിഞ്ഞമാസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തിരുന്നു. അഭ്യൂഹങ്ങള്‍ തന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു.
2020-ല്‍ കോവിഡ് സമയത്താണ് ചെഹലും ധനശ്രീയും തമ്മില്‍ പ്രണയത്തിലാവുന്നത്. ധനശ്രീയുടെ നൃത്തവീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ക്കണ്ട ചഹല്‍, നൃത്തം പഠിക്കാന്‍ അവളെ സമീപിക്കുകയായിരുന്നു. ഈ അധ്യാപക-വിദ്യാര്‍ഥി ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ആ വര്‍ഷംതന്നെ ഇരുവരും വിവാഹിതരായി. ഇരുവരും തമ്മിലുള്ള വിവാഹമോചന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ചെഹല്‍ ആര്‍.ജെ. മഹ്വശുമായി ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. മഹ്വശും സുഹൃത്തുക്കളും ചെഹലും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം മഹ്വശ്തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു.
വിമര്‍ശനവുമായി ചെഹലും ധനശ്രീയും
അഭ്യൂഹങ്ങള്‍ സകല സീമകളും ലംഘിച്ചതോടെ പരോക്ഷ പ്രതികരണവുമായി ചെഹലും ധനശ്രീയും രംഗത്തെത്തിയിരുന്നു. 'എല്ലാ ബഹളങ്ങള്‍ക്കും മീതെ ശ്രവണശക്തിയുള്ളവരെ സംബന്ധിച്ച്, നിശബ്ദത അഗാധമായ ഒരു ഈണമാണ്' എന്ന സോക്രട്ടീസിന്റെ വാക്കുകള്‍ പങ്കുവച്ചായിരുന്നു ചെഹലിന്റെ പ്രതികരണം. മകന്‍, സഹോദരന്‍, സുഹൃത്ത് എന്നീ നിലകളില്‍, ഊഹാപോഹങ്ങള്‍ അനാവശ്യമായി പ്രചരിപ്പിക്കുന്നതില്‍നിന്ന് പിന്തിരിയണമെന്ന് ചെഹല്‍ ആവശ്യപ്പെട്ടിരുന്നു. ഇവ തനിക്കും കുടുംബത്തിനും കടുത്ത വേദനയുളവാക്കുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
സമൂഹമാധ്യമത്തില്‍ പങ്കുവച്ച സാമാന്യം സുദീര്‍ഘമായ പോസ്റ്റിലൂടെയാണ് വിവാഹ മോചന വാര്‍ത്തകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ധനശ്രീ വിമര്‍ശിച്ചത്. സത്യം എക്കാലവും അതേപടി നിലനില്‍ക്കുമെന്നും ധനശ്രീ കുറിച്ചു. ആളുകള്‍ സത്യം മനസ്സിലാക്കാതെ നിഷ്‌കരുണം സ്വഭാവഹത്യ നടത്തുകയാണെന്നും ധനശ്രീ വര്‍മ തുറന്നടിച്ചു.
''കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത വെല്ലുവിളികളിലൂടെയാണ് ഞാനും എന്റെ കുടുംബവും കടന്നുപോകുന്നത്. സത്യം മനസ്സിലാക്കാതെയും അതിനായി ശ്രമിക്കാതെയും യാതൊരു അടിസ്ഥാനവുമില്ലാതെ പടച്ചുവിടുന്ന കാര്യങ്ങളാണ് ഞങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പേരുപോലുമില്ലാത്തവര്‍ ട്രോളുകളിലൂടെയും മറ്റും വിദ്വേഷം പ്രചരിപ്പിച്ച് എനിക്കെതിരെ നീങ്ങുകയും സ്വഭാവഹത്യ നടത്തുകയുമാണ്.'' ധനശ്രീ കുറിച്ചു.
''എത്രയോ വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്താണ് ഞാന്‍ ഇപ്പോഴത്തെ നിലയിലെത്തിയത്. ഈ ഘട്ടത്തില്‍ ഇതുവരെ ഞാന്‍ പുലര്‍ത്തിയ നിശബ്ദത എന്റെ ദൗര്‍ബല്യമായി കാണരുത്. അത് എന്റെ കരുത്തു തന്നെയാണ്. മോശം കാര്യങ്ങള്‍ ഓണ്‍ലൈനായി അതിവേഗം പ്രചരിക്കുമ്പോള്‍, മറ്റുള്ളവര്‍ക്കു പരിഗണന നല്‍കണമെങ്കില്‍ അസാമാന്യമായ ധൈര്യവും കരുണയും വേണം.''
''എനിക്കൊപ്പമുള്ള സത്യത്തില്‍ മാത്രം ശ്രദ്ധിച്ച് ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് മുന്നോട്ടു പോകാനാണ് എന്റെ തീരുമാനം. പ്രത്യേകിച്ച് ന്യായീകരണങ്ങളൊന്നുമില്ലാതെ തന്നെ സത്യം എക്കാലവും അതേപടി നിലനില്‍ക്കും. ഓം നമഃ ശിവായ'' ധനശ്രീ കുറിച്ചു.
കുറച്ചുകാലമായി ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമല്ലാത്ത യുസ്വേന്ദ്ര ചെഹല്‍, ഹരിയാനയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ പുതിയ പതിപ്പില്‍, ഏറ്റവും വിലയേറിയ താരങ്ങളില്‍ ഒരാളായാണ് ചെഹല്‍ കളത്തിലിറങ്ങുക. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട ചെഹലിനെ, 18 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.