കളിക്കളത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; 100 കോടി ഫോളോവേഴ്സ് സ്വന്തമാക്കുന്ന ആദ്യ വ്യക്തി; 'നൂറ് കോടി സ്വപ്നങ്ങള്‍, ഒരു യാത്ര' എന്ന് ട്വീറ്റ്
ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
റിയാദ്: കളിക്കളത്തില്‍ അധികമാര്‍ക്കും അത്ര പെട്ടെന്ന് മറികടക്കാന്‍ പറ്റാത്ത റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ച് കുതിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട സി ആര്‍ സെവന്‍.അന്തരാഷ്ട്ര ഫുട്ബോളില്‍ 900 ഗോളെന്ന മാജിക്കല്‍ സംഖ്യ അദ്ദേഹം പിന്നിട്ടത് സമീപകാലത്താണ്.ഇപ്പോഴിത കളിക്കളത്തിന് പുറമെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ചരിത്രം കുറിക്കുകയാണ് ക്രിസ്റ്റ്യാനോ.എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ.
ഫേസ്ബുക്കില്‍ 17 കോടി, എക്‌സില്‍ 11.3 കോടി, ഇന്‍സ്റ്റാഗ്രാമില്‍ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലില്‍ 6.06 കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആള്‍ക്കാര്‍.ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ആഗോള ജനസംഖ്യയുടെ ഏകദേശം എട്ട് ശതമാനം പേര്‍ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നുവെന്നാണ് കണക്ക്. ഇവകൂടാതെ ചൈനീസ് പ്ലാറ്റ്ഫോമുകളായ വെയ്ബോയിലും കുഐഷൂവിലും താരത്തിന് മോശമല്ലാത്ത ഫോളോവേഴ്‌സുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് അപൂര്‍വ്വ നേട്ടത്തിന്റെ കാര്യം അറിയിച്ചത്.'നൂറ് കോടി സ്വപ്നങ്ങള്‍, ഒരു യാത്ര'
എന്നാണ് താരം 100 കോടി ഫോളോവേഴ്സ് തികഞ്ഞ നിമിഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'നമ്മള്‍ ചരിത്രം സൃഷ്ടിച്ചു- 1 ബില്യണ്‍ ഫോളോവേഴ്‌സ്! ഇത് കേവലം ഒരു സംഖ്യയല്ല, അതിനുപരി നമ്മള്‍ പങ്കിടുന്ന ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും ആവേശത്തിന്റെയും സ്നേഹത്തിന്റെയും തെളിവാണ്. മഡെയ്‌റയിലെ തെരുവുകള്‍ മുതല്‍ ലോകത്തിലെ ഏറ്റവും വലിയ വേദികളില്‍ വരെ, എല്ലായിടത്തും ഞാന്‍ എപ്പോഴും എന്റെ കുടുംബത്തിനും നിങ്ങള്‍ക്കും വേണ്ടിയാണ് കളിച്ചിട്ടുള്ളത്.
ഇന്ന് നമ്മള്‍ 1 ബില്യണ്‍ ഒരുമിച്ചു നില്‍ക്കുന്നു.എന്റെ എല്ലാ ഉയര്‍ച്ചകളിലും താഴ്ച്ചകളിലും നിങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഈ യാത്ര നമ്മുടെ യാത്രയാണ്, ഒരുമിച്ച്, നമുക്ക് നേടാനാകുന്ന കാര്യങ്ങള്‍ക്ക് പരിധികളില്ലെന്ന് നമ്മള്‍ തെളിയിച്ചു. എന്നെ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ,നമ്മള്‍ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും,'ക്രിസ്റ്റ്യാനോ കുറിച്ചു.
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഈ വര്‍ഷം ഓഗസ്റ്റ് 21-നാണ് താരം യൂട്യൂബിലേക്ക് ചുവടുവെയ്ക്കുന്നത്.''കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവില്‍ എന്റെ യുട്യൂബ് ചാനല്‍ ഇതാ എത്തിയിരിക്കുന്നു.ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ'എന്നാണ് അന്ന്
റൊണാള്‍ഡോ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചത്.ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യൂ എന്നതിനു പകരം തന്റെ വിഖ്യാതമായ ഗോളാഘോഷവുമായി ചേര്‍ത്ത് 'സ്യൂബ്സ്‌ക്രൈബ്' എന്നാണ് താരം കുറിച്ചത്.
ചാനല്‍ ആരംഭിച്ച് 90 മിനിറ്റിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകള്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തു.ഇതോടെ ഏറ്റവും വേഗത്തില്‍ 10 ലക്ഷം (ഒരു മില്യണ്‍) സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന യൂട്യൂബ് ചാനലായി ഇത്. 24 മണിക്കൂറിനുള്ളില്‍ ഇത് ഒരു കോടി സബ്‌സ്‌ക്രൈബേഴ്സായി. യൂട്യൂബിന്റെ സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് പ്ലേ ബട്ടണുകള്‍ അതിവേഗമാണ് താരത്തെ തേടിയെത്തിയത്.
സമൂഹമാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സ്‌പോര്‍ട്‌സ് താരമെന്ന ലേബലും ക്രിസ്റ്റ്യാനോയ്ക്കാണ്.
ഫുട്ബോള്‍ ലോകത്ത് ആരാധകരേറെയുള്ള സി ആര്‍ 7 എന്ന റൊണാള്‍ഡോ നിലവില്‍ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ്. യൂട്യൂബില്‍ താനിടുന്ന വീഡിയോകളുടെ കണ്ടന്റ് ഫുഡ്ബോള്‍ മാത്രമായിരിക്കില്ലെന്നും കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ കാര്യങ്ങളും ഉള്‍പ്പെടുമെന്നും 39 കാരനായ താരം നേരത്തെ അറിയിച്ചിരുന്നു.