കളിച്ചത് ബ്ലാസ്റ്റേഴ്സും ഗോളടിച്ചത് ബംഗളൂരുവും; സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സിനെ നിശബ്ദരാക്കി ബംഗളുരു; ബംഗളുരു എഫ് സി യുടെ വിജയം ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക്

ബ്ലാസ്റ്റേഴ്്‌സിന് തോല്‍വി

Update: 2024-10-25 18:03 GMT

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയുടെ മണ്ണില്‍ നിശബ്ദരാക്കി ബംഗളൂരു എഫ്സി.ദക്ഷിണേന്ത്യന്‍ പോരില്‍ 1-3നാണ് ബംഗളൂരു ജയിച്ചു കയറിയത്.സ്വന്തം മൈതാനത്ത് ആക്രമണമുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ് നിറഞ്ഞു കളിച്ചു.ആക്രമണം കടുപ്പിച്ചപ്പോള്‍

പ്രതിരോധത്തില്‍ വന്ന വീഴ്ച്ചകള്‍ കേരളത്തിന് തിരിച്ചടിയായി.ഒരു തരത്തില്‍ ബംഗളുരുവിന്റെ മികവിനെക്കാള്‍ ഇന്നവര്‍ക്ക്ഗുണകരമായത് കേരളത്തിന്റെ പിഴവുകളാണ്.ബംഗളൂരുവിനായി എഡ്ഗര്‍ മെന്‍ഡസ് ഇരട്ട ഗോളുകള്‍ നേടി.

ഹോര്‍ഹ പെരേര ഡിയാസിന്റെ വകയായിരുന്നു ബെംഗളൂരുവിന്റെ മറ്റൊരു ഗോള്‍.ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ ജീസസ് ജിമെനെസിന്റെ വകയായിരുന്നു.കളിയുടെ എട്ടാം മിനിറ്റില്‍ തന്നെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായ ഹോര്‍ഹ പെരേര ഡിയാസിലൂടെ ബെംഗളൂരു മുന്നിലെത്തി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ പ്രധാനി പ്രീതം കോട്ടാലിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍.ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സോം കുമാറില്‍ നിന്ന് ലഭിച്ച പന്ത് ക്ലിയര്‍ ചെയ്യുന്നതിനു പകരം ഓടിയെത്തിയ ഡിയാസിനെ വെട്ടിച്ചുകയറാന്‍ ശ്രമിച്ച കോട്ടാലില്‍ നിന്നും പന്ത് റാഞ്ചിയ ഡിയാസ്, സോം കുമാറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് ചിപ് ചെയ്ത് വലയിലാക്കി.

ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ ശക്തമാക്കി.ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ജീസസ് ജിമെനെസിന്റെ പെനാല്‍റ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. പന്തുമായി ബെംഗളൂരു ബോക്‌സിലേക്ക് കയറിയ ക്വാമി പെപ്രയെ രാഹുല്‍ ഭേകെ പിന്നില്‍ നിന്ന് വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.കിക്കെടുത്ത ജിമെനെസിന് പിഴച്ചില്ല. ബ്ലാസ്റ്റേഴ്‌സ് ഒപ്പത്തിനൊപ്പം (11).

തുടര്‍ന്ന് രണ്ടാം പകുതിയില്‍ വിജയ ഗോളിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതിനിടെ കൊച്ചിയെ ഞെട്ടിച്ച് 74-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സോം കുമാറിന്റെ പിഴവെത്തി.ആല്‍ബര്‍ട്ടോ നൊഗ്വേരയെടുത്ത ഫ്രീകിക്ക് അനായാസം കൈപ്പിടിയിലാക്കാമെന്ന് കരുതിയ സോം കുമാറിന് പിഴച്ചു.താരത്തിന്റെ കൈയില്‍ നിന്ന് വഴുതിയ പന്ത് തൊട്ടുമുന്നിലുണ്ടായിരുന്ന എഡ്ഗര്‍ മെന്‍ഡെസ് അനായാസം വലയിലാക്കി.

പ്രീതം കോട്ടാലിന്റെ മാത്രം പിഴവില്‍നിന്ന് ആദ്യ ഗോള്‍, ഗോള്‍കീപ്പര്‍ സോംകുമാറിന്റെ മാത്രം പിഴവില്‍നിന്ന് രണ്ടാം ഗോള്‍. അവസാന നിമിഷം ഏതു വിധേനയും സമനില പിടിക്കാനുള്ള ശ്രമത്തില്‍ ഗോള്‍പോസ്റ്റ് തുറന്നുകൊടുത്ത് മൂന്നാം ഗോളും വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി പൂര്‍ണം.കളിച്ച മത്സരങ്ങളിലെല്ലാം മിന്നുന്ന പ്രകടനം പുറത്തെടുത്ത നോഹ സദൂയി പരുക്കുമൂലം ഈ മത്സരത്തില്‍ കളിക്കാതിരുന്നതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

അവസാന നിമിഷത്തില്‍ വരെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്കാണ് സ്റ്റേഡിയം സാക്ഷിയായത്.ഒന്നിനുപിറകെ ഒന്നായി ആക്രമണങ്ങള്‍, മികച്ച മുന്നേറ്റങ്ങള്‍.പക്ഷേ എല്ലാം ബെംഗളൂരു പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു.ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പ്രകടനവും ബെംഗളൂരുവിന്റെ രക്ഷയ്‌ക്കെത്തി.

Tags:    

Similar News