ലോകകപ്പ് യോഗ്യത മത്സരം; പെറുവിനെതിരെ ബ്രസീലിനും തകര്‍പ്പന്‍ ജയം; നാല് ഗോളുകൾ അടിച്ചു; തുണച്ചത് റഫീഞ്ഞയുടെ ഇരട്ട ഗോളുകൾ; ആവേശമായി മഞ്ഞപ്പട
റിയോ ഡി ജനീറോ: അര്‍ജന്റീനയുടെ ജയത്തിന് പിന്നാലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്ക് കാനറികള്‍ പെറുവിനെ പമ്പകടത്തി. സൂപ്പർ താരം റഫീഞ്ഞയുടെ ഇരട്ട ഗോളുകളാണ് ബ്രീസിലിന് ജയമൊരുക്കിയത്. ആന്‍ഡ്രിയാസ് പെരേര, ലൂയിസ് ഹെന്റിക്വെ എന്നിവരാണ് മറ്റുഗോളുകള്‍ നേടിയത്.
നേരത്തെ അര്‍ജന്റീന എതിരില്ലാത്ത ആറ് ഗോളിന് ബൊളീവിയയെ തകര്‍ത്തിരുന്നു. ലയണൽ മെസി ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ ലാതുറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരാണ് മറ്റുഗോള്‍ നേടിയത്. കൊളംബിയ ഏകപക്ഷീയമായ നാല് ഗോളിന് ചിലിയെ തോല്‍പ്പിച്ചു.
പെറുവിനെതിരെ 38-ാം മിനിറ്റിലാണ് ബ്രസീലിന്റെ ആദ്യ ഗോൾ എത്തുന്നത്. 38-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി റഫീഞ്ഞ ഗോളാക്കി മാറ്റി. ആദ്യപാതി 1-0ത്തിന് അവസാനിച്ചു. 54-ാം ലഭിച്ച മറ്റൊരു പെനാല്‍റ്റി ഗോളാക്കി റഫീഞ്ഞ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 71-ാം മിനിറ്റില്‍ പെരേരയുടെ മൂന്നാം ഗോള്‍. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഹെന്റിക്വെ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ പോയിന്റ് പട്ടികയിൽ ബ്രസീല്‍ നാലാം സ്ഥാനത്താവുകയും ചെയ്തു.