ഇന്ത്യൻ സൂപ്പർ ലീഗ്; ആദ്യ വിജയം ലക്ഷ്യമിട്ട് ഒഡീഷ എഫ്‌സി; ലൂക്കാ മജ്സെനില്ലാതെ പഞ്ചാബ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ എഫ്‌സി പഞ്ചാബ് എഫ്‌സിയെ നേരിടും. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് തോൽവിയോടെയായിരുന്നുഒഡീഷയുടെ തുടക്കം. വെള്ളിയാഴ്ച ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന എവേ മത്സരത്തിൽ വിജയത്തോടെ തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയിലാണ് സെർജിയോ ലൊബെറയും സംഘവും.
ചെന്നൈയിൻ മത്സരത്തിനിടെ കാലിന് പരിക്കേറ്റ ലൊബേരയുടെ വിശ്വസ്തനായ സെൻ്റർ ബാക്ക് കാർലോസ് ഡെൽഗാഡോ മത്സരത്തിന് ഇറങ്ങാനാവില്ലെന്നത് പ്രതിരോധ നിരക്ക് തലവേദനയാവും. കഴിഞ്ഞ മത്സരത്തിൽ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ച ടീമിലെ പ്രധാന താരങ്ങളിലൊരാളായ വിങ് ബാക്ക് ഗാമയും ആദ്യ മത്സരത്തിൻ്റെ പതിനാറാം മിനിറ്റിൽ പരിക്ക് പറ്റി പുറത്തു പോയിരുന്നു. ഗാമയും ഇന്ന് കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അതേസമയം, ഒഡീഷ തങ്ങളുടെ അവസാന അഞ്ച് ഐഎസ്എൽ എവേ മത്സരങ്ങളിൽ വിജയിക്കാനായിട്ടില്ല, അവസാന മൂന്ന് മത്സരങ്ങളിൽ പരാജയപ്പെടും ചെയ്തു.
മറുവശത്തു ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസവുമായാവും പഞ്ചാബ് എഫ് സി എത്തുക. കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-1 നായിരുന്നു അവരുടെ വിജയം. എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ രാഹുൽ കെപി ചെയ്ത ഫൗളിൽ പഞ്ചാബിന്റെ സ്‌ട്രൈക്കറായ ലൂക്കയുടെ പരിക്ക് അവരുടെ മുന്നേറ്റ നിരയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. 2 മാസമെങ്കിലും കളത്തിലിറങ്ങാൻ കഴിയില്ലെന്ന് ക്ലബ് വൃത്തങ്ങൾ അറിയിച്ചിരുന്നു.
ക്രിയേറ്റീവ് മിഡ്‌ഫീൽഡറായ ഹ്യൂഗോ ബൂമസ് കൂടാതെ റോയ് കൃഷ്ണ, ഡീഗോ മൗറീഷ്യോ, മൗർതാദ ഫാൾ, അഹമ്മദ് ജഹൂ എന്നിങ്ങനെ വലിയൊരു പരിചയ സമ്പന്നമായ നിര തന്നെ ഒഡീഷ എഫ്‌സിക്കുണ്ട്.