ഇന്ത്യൻ സൂപ്പർ ലീഗ്; ഒന്നാം സ്ഥാനം നിലനിർത്താൻ ബെംഗളൂരു എഫ്‌സി; ആദ്യ ജയം തേടി മുംബൈ സിറ്റി; റെക്കോർഡ് നേട്ടത്തിനരികെ സുനിൽ ഛേത്രി

Update: 2024-10-02 10:52 GMT

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ബെംഗളൂരു എഫ്‌സി ആതിഥേയരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. മുംബൈ ഫുട്‌ബോൾ അരീനയിൽ രാത്രി 7:30 ന് ആണ് മത്സരം നടക്കുക.

കളിച്ച മൂന്ന് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ബെംഗളൂരു എഫ്‌സിയുടെ വരവ്. ഒമ്പത് പോയിൻ്റുകൾ സ്വന്തമാക്കി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഛേത്രിയും സംഘവും. എന്നാൽ രണ്ട മത്സരങ്ങൾ കളിച്ച മുംബൈക്ക് ഇതുവരെ ടൂർണമെന്റിൽ ആദ്യ ജയം സ്വന്തമാക്കാനായിട്ടില്ല. രണ്ട് കളികളിൽ നിന്നും ഒരു സമനിലയും ഒരു തോൽവിയുമായി പതിനൊന്നാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ്‌സി.

എന്നാൽ സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിക്ക് വ്യക്തമായ ആധിപത്യമുണ്ട്. മുംബൈ അരീനയിൽ നടന്ന അവസാന 8 കളികളിലും അവർക്ക് ഗോൾ നേടാനായി. മാത്രമല്ല അവസാനമായി ഏറ്റുമുട്ടിയ മൂന്ന് കളികളിലും ബെംഗളൂരു എഫ്‌സിയെ തകർക്കാൻ മുംബൈയ്ക്കായി.

അതേസമയം, ബെംഗളൂരു എഫ്‌സി ഇതിഹാസവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സുനിൽ ഛേത്രി മുംബൈ സിറ്റിക്കെതിരെ ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ മുംബൈയ്‌ക്കെതിരെ ഒരു ഗോൾ കൂടി നേടിയാൽ ഐഎസ്എല്ലിൽ ഒരു ടീമിനെതിരെ 10 തവണ സ്‌കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ താരമെന്നുള്ള റെക്കോർഡ് ഛേത്രിക്ക് സ്വന്തമാക്കാം.

Tags:    

Similar News