ഇന്ത്യൻ സൂപ്പർ ലീഗ്; ജയം തുടരാൻ ചെന്നൈയിൻ എഫ്‌സി; പ്രതിരോധം തീർക്കാൻ മൊഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബ്
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആതിഥേയരായ ചെന്നൈയിൻ എഫ്‌സി മൊഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബിനെ നേരിടും. മറീന അറീനയിൽ രാത്രി 7:30ക്കാണ് മത്സരം. ആദ്യ രണ്ട് ഐഎസ്എൽ മത്സരങ്ങളിൽ ആക്രമണ ഫുട്ബോൾ കളിച്ചെങ്കിലും ടീമിന് ജയിക്കാനായില്ല. അതേസമയം, ആദ്യ മത്സരത്തിൽ ജയിച്ച ചെന്നൈയിൻ മികച്ച ആത്മവിശ്വാസത്തോടെയാവും കളത്തിലിറങ്ങുക. എന്നാൽ പ്രതിരോധ താരങ്ങൾ കൂടി ഫോമിലെത്തിയാൽ മൊഹമ്മദൻ സ്‌പോർട്ടിംഗിന് ടൂർണമെന്റിലെ ആദ്യ ജയം കണ്ടെത്താനാവും.
മികച്ച റെക്കോർഡാണ് ചെന്നൈയിൻ എഫ്‌സിയ്ക്ക് സ്വന്തം തട്ടകമായ മറീന അറീനയിലുള്ളത്. കളിച്ച അവസാന ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച ചെന്നൈയിൻ എഫ്‌സിയെ അവരുടെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുക വെല്ലുവിളിയാണ്. ആദ്യ മത്സരത്തിൽ അവർ ഒഡീഷക്കെതിരെ 3-2 ന് ജയിച്ചിരുന്നു.
ഐഎസ്എൽ ചരിത്രത്തിലെ മുഹമ്മദൻ എസ്സിയുടെ ആദ്യ എവേ മത്സരമാണ് ഇന്ന് ചെന്നൈയിൽ അരങ്ങേറുക. മികച്ച ആക്രമണ നിരയുമായാണ് മുഹമ്മദൻ ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ 18-യാർഡ് ബോക്‌സിനുള്ളിൽ നിന്ന് 15 ഷോട്ടുകളാണ് മുഹമ്മദൻ എസ്‌സി തൊടുത്തത്. ബോക്സിനുള്ളിൽ നിന്നും ഷോട്ടുകൾ നിരന്തരം എടുക്കാനുള്ള മുഹമ്മദൻ മുന്നേറ്റ താരങ്ങളുടെ പ്രവണത ചെന്നൈയിൻ എഫ്‌സിയുടെ പ്രധിരോധത്തെ പരീക്ഷിക്കാൻ സാധ്യതയുണ്ട്.
പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്‌സി. ഒരു മത്സരം മാത്രം കളിച്ച അവർക്ക് 3 പോയിന്റുകളുണ്ട്. എന്നാൽ 2 കളികളിൽ നിന്നും ഒരു സമനിലയും ഒരു തോൽവിയുമായി അവർ പത്താം സ്ഥാനത്താണ്.