സംപ്രേഷണാവകാശ കരാർ പുതുക്കിയില്ല; സാമ്പത്തിക പ്രതിസന്ധിയും കാണികളുടെ കുറവും തിരിച്ചടിയായി; ഇന്ത്യൻ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു

Update: 2025-07-11 14:04 GMT

ദില്ലി: ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിയത്. 2025–26 സീസൺ സെപ്‌തംബർ 14ന്‌ തുടങ്ങാനിരിക്കെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്‌) ക്ലബ്ബുകൾക്കും ഇതുസംബന്ധിച്ച വിവരം ലീഗ്‌ നടത്തിപ്പുകാരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ) കൈമാറി.

ഫുട്‌ബോൾ സ്‌പോർട്‌സ്‌ ഡെവലപ്‌മെന്റ്‌ ലിമിറ്റഡാണ്‌ (എഫ്‌ഡിഎസ്‌എൽ) ഐഎസ്‌എല്ലിന്റെ നടത്തിപ്പുകാർ. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും എഫ്.എസ്.ഡി.എല്ലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുകയാണ്‌. ഇതുവരെ കരാർ പുതുക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധികൾക്കൊപ്പം ലീഗിനോടുള്ള കാണികളുടെ താൽപ്പര്യക്കുറവും തിരിച്ചടിയാണ്‌. ഈ കാരണങ്ങളാണ്‌ ലീഗ്‌ അനിശ്ചിതത്വത്തിലാകാൻ കാരണം.

സംപ്രേഷണ കരാറനുസരിച്ച് എഫ്.എസ്.ഡി.എൽ വര്‍ഷം 50 കോടി രൂപ ഫെഡറേഷന് നല്‍കിയിരുന്നു. പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉള്‍പ്പെടെ വാണിജ്യ അവകാശങ്ങള്‍ എഫ്.എസ്.ഡി.എല്ലിന് ലഭിക്കുന്ന തരത്തിലായിരുന്നു കരാര്‍ നിലവിലുണ്ടായിരുന്നത്. ഐഎസ്‌എല്ലിന്റെ കഴിഞ്ഞ സീസണിൽ കാഴ്‌ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായത്‌. 2014 മുതൽ 2025വരെയുള്ള ഐഎസ്‌എല്ലിന്റെ പ്രവർത്തന ചെലവായി എഫ്‌ഡിഎസ്‌എല്ലിന്‌ 5000 കോടി രൂപ നഷ്ടം സംഭവിച്ചതായാണ്‌ കണക്ക്‌.

2014ലാണ് ഐ.എസ്.എല്‍ തുടങ്ങിയത്. 2019ല്‍ ഐ ലീഗിനെ മറികടന്ന് ഐ.എസ്.എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഉയര്‍ത്തപ്പെട്ടു. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള കേസുകള്‍ കോടതിയില്‍ തുടരുന്നതും ഫെഡറേഷന്‍റെ പുതിയ ഭരണഘടന പ്രാബല്യത്തിലാവുന്നതുവരെ നിലവിലെ ഭാരവാഹികള്‍ സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കരുതെന്ന സുപ്രീം കോടതി നിർദേശവും കരാര്‍ പുതുക്കുന്നതിന് തടസമായിരുന്നു.

കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പുതിയ ഹോള്‍ഡിങ് കമ്പനി രൂപവത്കരിച്ച് ഐ.എസ്.എല്‍ നടത്താനാണ് എഫ്.എസ്.ഡി.എല്ലിന് താല്‍പര്യമെന്നും സൂചനയുണ്ട്. ഇതില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ക്ലബുകള്‍ക്കാവും. എഫ്.എസ്.ഡി.എല്‍ 26 ശതമാനവും ഫെഡറേഷന് 14 ശതമാനവുമാവും പങ്കാളിത്തം. വിഷയത്തിൽ ഐ.എസ്.എൽ അധികൃതരോ ക്ലബുകളോ, എ.ഐ.എഫ്.എഫ് ഭാരവാഹികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

Tags:    

Similar News