ഇന്ത്യൻ സൂപ്പർ ലീഗ്; തലവര മാറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ്; പുതിയ പരിശീലകന് കീഴിലെ ആദ്യ മത്സരത്തിനൊരുങ്ങി കൊമ്പന്മാർ; സ്വന്തം തട്ടകത്തിൽ എതിരാളികൾ മുഹമ്മദൻ എസ് സി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ നേരിടും. മുഖ്യപരിശീലക സ്ഥാനത്ത് നിന്നും പുറത്തായ മിക്കായേൽ സ്റ്റാറെയ്ക്ക് പകരക്കാരനായെത്തിയ താൽക്കാലിക പരിശീലകന്റെ കീഴിലെ കൊമ്പന്മാരുടെ ആദ്യ മത്സരമാണിത്. സ്വന്തം തട്ടകത്തിൽ മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. എതിരാളികളായ മുഹമ്മദനും അത്ര ശക്തന്മാരല്ല. ടൂർണമെന്റിൽ ലഭിച്ച മികച്ച തുടക്കം മുതലെടുക്കാൻ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനായില്ല. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ഇന്ന് ജയിച്ചാൽ ആദ്യ പത്തിൽ ഇടം നേടാൻ ബ്ലാസ്റ്റേഴ്‌സിനാകും.
ലീഗ് പുരോഗമിക്കുന്നതിനിടെ ഇതാദ്യമായല്ല ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പടികടത്തുന്നത്. മികച്ച ആരാധന പിന്തുണയുണ്ടായിട്ടും ഹോം മത്സരങ്ങൾ പോലും ജയിക്കാൻ ടീം കഷ്ടപ്പെടുകയാണ്. കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ ഏഴും ബ്ലാസ്റ്റേഴ്‌സ് തോറ്റു. ഇതോടെയാണ് മുഖ്യപരിശീലക സ്ഥാനത്ത് നിന്നും മിക്കായേല്‍ സ്റ്റാറെ, സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെ മാനേജ്മെന്റ് പുറത്താക്കിയത്.
പോയന്‍റ് പട്ടികയില്‍ 11 പോയന്‍റുമായി നിലവില്‍ പത്താം സ്ഥാനത്താണ് ടീമിപ്പോൾ. 2020 - 2021 സീസണിനു ശേഷം ബ്ലാസ്റ്റേസിന്റെ ഏറ്റവും മോശം പ്രകടനമാണ് ഈ സീസണിൽ ആരധകർക്ക് കാണാനിടയായത്. 2023 - 2024 ഐ ലീഗ് ഫുട്ബോൾ ചാംപ്യന്മാരായി ഐ എസ് എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ടീമാണ് കൊൽക്കത്തയിൽ നിന്നുള്ള മുഹമ്മദൻ എസ് സി. 11 മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിന്റുമായി ലീഗ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ് മുഹമ്മദൻ.
ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന്‍റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്‌മെന്‍റ് തലവനുമായ തോമക്ക് തൂഷ്, സഹപരിശീലകന്‍ ടി.ജി പുരുഷോത്തമന്‍ എന്നിവര്‍ക്കാണ് പുതിയ പരിശീലകനെത്തുന്നതുവരെ ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലക ചുമതലയുള്ളത്. ടീമിന്‍റെ മോശം പ്രകടനത്തിനെതിരെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.മോശം പ്രകടനം തുടര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത ഹോം മത്സരത്തില്‍ വാദ്യമേളങ്ങളും ടീമിനായുള്ള മുദ്രാവാക്യങ്ങളും ഒഴിവാക്കുമെന്ന് മഞ്ഞപ്പട മുന്നറിയിപ്പ് നല്‍കിയിരുന്നു