കാല്‍പന്താവേശത്തിന് ഇന്ന് കലാശകൊട്ട്; കേരള സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരം ഇന്ന്: ഫൈനലില്‍ കാലിക്കറ്റും കൊച്ചിയും നേര്‍ക്കുനേര്‍; ജേതാക്കള്‍ക്ക് ഒരു കോടി സമ്മാനം; മത്സരത്തിന് മാറ്റ് കുട്ടാന്‍ പൃഥ്വിരാജും ബേസിലും
കോഴിക്കോട്: കാല്‍പന്താവേശം ആകാശം തൊടുന്ന ഗ്രാന്‍ഡ് ഫിനാലെ ഇന്ന് (നവംബര്‍ 10). പ്രഥമ മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയുടെ കിരീടപ്പോരാട്ടത്തില്‍ കാലിക്കറ്റ് എഫ്‌സി, ഫോഴ്സ കൊച്ചിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക് കിക്കോഫ്. രണ്ടു മാസത്തിലേറെ മലയാളി ഫുട്‌ബോള്‍ പ്രേമികളെ ത്രില്ലടിപ്പിച്ച പോരാട്ടങ്ങള്‍ക്കാണ് ഇന്ന് സാമൂതിരിയുടെ മണ്ണില്‍ ഫൈനല്‍ വിസില്‍ ഉയരുക.
ലീഗിന്റെ തുടക്കം മുതല്‍ മികവോടെ കളിച്ചാണ് കാലിക്കറ്റ് ഫൈനലില്‍ കയറിയത്. ആദ്യ മത്സരം തോറ്റ്, ഒന്ന് പതറിയ ശേഷം പിന്നീട് ഫോമിലേക്കുയര്‍ന്നാണ് കൊച്ചിക്കാര്‍ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. കാലിക്കറ്റും കൊച്ചിയും ഇന്ന് മുഖാമുഖം നില്‍ക്കുമ്പോള്‍ അത് ഗോള്‍വേട്ടക്കാരുടെ സംഗമം കൂടിയാവും. ലീഗില്‍ ആകെ പിറന്ന 81 ഗോളുകളില്‍ 20 ഉം സ്‌കോര്‍ ചെയ്തത് കാലിക്കറ്റ് ആണ്. കൊച്ചിയും ഒട്ടും മോശല്ല, 12 ഗോള്‍ അവരും എതിരാളികളുടെ വലയിലെത്തിച്ചു.
ഏഴ് ഗോളുമായി ടോപ് സ്‌കോറര്‍ സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലുകാരന്‍ ഡോറിയല്‍ട്ടന്‍ ഗോമസ് കൊച്ചി താരമാണെങ്കില്‍ കാലിക്കറ്റ് നിരയില്‍ ഗോളടിക്കാരുടെ ഒരു പട തന്നെയുണ്ട്. മലയാളി താരങ്ങളിലെ ടോപ് സ്‌കോറര്‍ ഗനി നിഗം (നാല് ഗോള്‍), ഹെയ്ത്തിക്കാരന്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് (നാല് ഗോള്‍), യുവതാരം മുഹമ്മദ് റിയാസ് (മൂന്ന് ഗോള്‍) എന്നിവരെല്ലാം കാലിക്കറ്റിന്റെ പടയാളികളാണ്.
ഫുട്ബോളിനെ നെഞ്ചേറ്റിയ കോഴിക്കോട് വൈകിട്ട് 6.30 ന് സമാപന ചടങ്ങുകള്‍ തുടങ്ങും. കിരീടപ്പോരാട്ടത്തിന് ആവേശം പകരാന്‍ ഫോഴ്സ കൊച്ചി ടീം ഉടമ നടന്‍ പൃഥ്വിരാജ്, ഭാര്യ സുപ്രിയ, കാലിക്കറ്റ് എഫ്സിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ബേസില്‍ ജോസഫ് എന്നിവരെത്തും. വിജയികള്‍ക്ക് മന്ത്രി വി അബ്ദുറഹിമാന്‍ ട്രോഫി സമ്മാനിക്കും. ജേതാക്കള്‍ക്ക് ഒരു കോടി രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50 ലക്ഷം രൂപയുമാണ് ലഭിക്കുക.
63 നാള്‍ നീണ്ട കളിയാരവങ്ങള്‍ക്കാണ് ഇന്ന് കോഴിക്കോട് തിരശ്ശീല വീഴുന്നത്. സംസ്ഥാനത്തെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണ്‍ സെപ്റ്റംബര്‍ ഏഴിന് കൊച്ചിയിലാണ് ആരംഭിച്ചത്. 30 ലീഗ് റൗണ്ട് മത്സരങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് നടന്ന ഒന്നാം സെമിയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ തോല്‍പ്പിച്ചാണ് കാലിക്കറ്റ് എഫ്സി ഫൈനലുറപ്പിച്ചത്. 2-1നായിരുന്നു കാലിക്കറ്റിന്റെ വിജയം. രണ്ടാം സെമിയില്‍ കണ്ണൂര്‍ വാരിയേഴ്സിനെ വീഴ്ത്തി ഫോഴ്സ കൊച്ചിയും കിരീടപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു. ലീഗിന്റെ തുടക്കം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താണ് കാലിക്കറ്റ് ഫൈനലിലെത്തിയത്. ഒന്നാംസ്ഥാനക്കാരായാണ് സെമിയിലെത്തിയത്. 20 ഗോളടിച്ചപ്പോള്‍ പത്തെണ്ണം മാത്രമാണ് വഴങ്ങിയത്.
സൂപ്പര്‍ ലീഗില്‍ ഇതുവരെ ഇരുടീമുകളും രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം പോരാട്ടത്തില്‍ വിജയം കാലിക്കറ്റ് പിടിച്ചെടുത്തിരുന്നു. സ്വന്തം തട്ടകത്തില്‍ കിരീടമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കാലിക്കറ്റ് ഇറങ്ങുന്നത്. എന്നാല്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഫൈനലില്‍ ഫോഴ്‌സ ബൂട്ടുകെട്ടുന്നത്.
ടിക്കറ്റുകള്‍ പേ ടിഎം ഇന്‍ സൈഡറില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. സ്റ്റേഡിയം കൗണ്ടറിലും ടിക്കറ്റുകള്‍ ലഭിക്കും. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും (ഫസ്റ്റ്) ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ഗള്‍ഫ് മേഖലയില്‍ മനോരമ മാക്‌സില്‍ ലൈവ് സ്ട്രീമിങ് ആസ്വദിക്കാം.