ബ്ളാസ്റ്റേഴ്സ് വിട്ട് കെ പി രാഹുൽ; താരത്തെ സ്വന്തമാക്കിയത് ഒഡീഷ എഫ്‍സി; സംഭാവനകള്‍ക്ക് നന്ദി പറഞ്ഞ് മാനേജ്മെന്റ്; കൂടുതൽ താരങ്ങൾ ടീം വിടുമെന്ന് റിപ്പോർട്ടുകൾ

Update: 2025-01-06 13:14 GMT

കൊച്ചി: മലയാളി താരം കെ പി രാഹുൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. താരം ടീം വിടുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ഒഡീഷ എഫ് സിയിലേക്കാണ് രാഹുലിന്റെ കൂടുമാറ്റം. പെര്‍മെനന്റ് ട്രാന്‍സ്ഫറിലൂടെയാണ് താരം ഒഡിഷ എഫ്.സിയില്‍ എത്തിയത്. കേരളാ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ സംഭാവനകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് നന്ദി പറഞ്ഞു. 2019 മുതലാണ് രാഹുല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടിയത്.

എട്ട് ഗോളുകള്‍ നേടിയ താരം 81 തവണ ബ്ലാസ്റ്റേഴ്സിനായി ജേഴ്സിയണിഞ്ഞു. ഈ സീസണില്‍ 11 തവണയാണ് താരം ടീമിന് വേണ്ടി കളത്തിലിറങ്ങിയത്. ചെന്നൈയിനെതിരായ മത്സരത്തില്‍ ഒരുഗോള്‍ നേടിയിരുന്നു. മികച്ച ഇന്ത്യൻ താരമായി വാഴ്ത്തപ്പെടുമ്പോഴും പ്രതീക്ഷക്കൊത്ത പ്രകടനങ്ങൾ ടീമിനായി കാഴ്ചവെക്കാൻ രാഹുലിനായിട്ടില്ല. വലത് വിങ്ങിലാണ് താരം ബ്ലാസ്റ്റേഴ്സിനായി കൂടുതലും കളിച്ചിട്ടുള്ളത്. എന്നാൽ 18 കാരനായ കോറൂ സിംഗിന്റെ അവസാന കുറച്ച് മത്സരങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയാവും രാഹുലിനെ വിടാനായി ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്.

കൂടാതെ ലോൺ അടിസ്ഥാനത്തിൽ പഞ്ചാബിൽ കളിക്കുന്ന വിങ്ങറായ മലയാളി താരം നിഹാൽ സുധീഷ് ടീമിൽ മടങ്ങിയെത്താനും സാധ്യതയുണ്ട്. മികച്ച ഫോമിലാണ് താരം പഞ്ചാബിൽ കളിക്കുന്നത്. ഇത് കൂടി മുന്നിൽ കൊണ്ടാവും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ തീരുമാനം. ജംഷദ്പുരിനെതിരായ മത്സരത്തിലാണ് അവസാനമായി താരം ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഇറങ്ങിയത്. ഞായറാഴ്ച നടന്ന പഞ്ചാബിനെതിരായ മത്സരത്തില്‍ താരം ടീമിലുണ്ടായിരുന്നില്ല. ജനുവരി 13-ന് കൊച്ചിയില്‍ ഒഡിഷയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

അതേസമയം, ഈ സീസണിലെ മോശം ഫോമിനെ തുടർന്ന് വലിയ വിമർശനങ്ങളാണ് ടീം ഏറ്റുവാങ്ങിയത്. പരിശീലകൻ മൈക്കൽ സ്റ്റാറെയെ മാനേജ്‍മെന്റ് പുറത്താക്കിയിരുന്നു. അടുത്ത ട്രാൻസ്‌ഫർ വിൻഡോയിൽ വിദേശ താരം അലക്സാന്ദ്രേ കോയഫ് ഉൾപ്പെടെ നിരവധി താരങ്ങൾ ക്ലബ് വിടാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. മോഹൻ ബഗാനിൽ നിന്നു ബ്ലാസ്റ്റേഴ്സിലെത്തിയ ഡിഫൻഡർ പ്രീതം കോട്ടാൽ, യുവതാരം അമാവിയ, ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നിവരുടെ പേരുകളും ട്രാൻസ്ഫർ ചർച്ചകളിൽ സജീവമാണ്.

പ്രതിരോധ നിരയുടെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് തലവേദന. അതിനാൽ പുതിയ പ്രതിരോധതാരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. ചെന്നൈയിൻ എഫ്സിയുടെ സെന്റർ ബാക്ക് ബികാശ് യുമ്നമാണ് അടുത്ത സീസണിൽ ടീമിൽ എത്തുമെന്ന് ഉറപ്പിച്ച ഒരു താരം.സ്പാനിഷ് കോച്ച് സെർജിയോ ലൊബേറയാകും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് കോച്ച് എന്ന അഭ്യൂഹങ്ങളും ശക്തിപ്പെടുത്തുന്നുണ്ട്. ജനുവരി 31വരെയാണ് ട്രാൻസ്ഫർ‌ ജാലകം.

Tags:    

Similar News