പരിശീലക സ്ഥാനത്ത് നിന്നും എറിക് ടെൻ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്; ക്ലബിന്‍റെ മോശം പ്രകടനത്തിനെ തുടർന്നാണ് നടപടി; റൂഡ് വാൻ നിസ്റ്റൽറൂയ് താൽക്കാലിക പരിശീലകനാകും

Update: 2024-10-28 13:23 GMT

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്നും എറിക് ടെൻ ഹാഗിനെ പുറത്താക്കിയ നടപടി ലീഗിൽ ക്ലബിന്‍റെ മോശം ഫോമിനെ തുടർന്ന്. സീസണിലെ ഒമ്പത് ലീഗ് മത്സരങ്ങളിൽ യുനൈറ്റഡിന് ജയിക്കാനായത് വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ്. ടീമിന്റെ മോശം ഫോമിൽ മാനേജ്മെന്റിലും ആരാധകർക്കിടയിലും അതൃപ്തി ഉണ്ടായിരുന്നു. അതിനാൽ പരിശീലകനെ പുറത്താക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. റൂഡ് വാൻ നിസ്റ്റൽറൂയ് താൽക്കാലിക പരിശീലകനാകും.

ഞായറാഴ്ച ലണ്ടനിൽ നടന്ന മത്സരത്തിൽ ലീഗിലെ പതിമൂന്നാം സ്ഥാനക്കാരായ വെസ്റ്റ്ഹാമിനോടും യുനൈറ്റഡ് തോറ്റിരുന്നു. ഒമ്പത് ലീഗ് മത്സരങ്ങളിൽ യുനൈറ്റഡിന്‍റെ നാലാം തോൽവിയായിരുന്നു ഇത്. രണ്ടര വർഷം ക്ലബിനെ പരിശീലിപ്പിച്ചാണ് ഡച്ചുകാരൻ പുറത്തുപോകുന്നത്.

തിങ്കളാഴ്ച ചേർന്ന ക്ലബ് ബോർഡ് യോഗമാണ് ടെൻ ഹാഗിനെ പുറത്താക്കാനുള്ള തീരുമാനിച്ചത്. നിലവിൽ കബ്ലിന്‍റെ അസിസ്റ്റന്‍റ് പരിശീലകനാണ്. പ്രീമിയർ ലീഗിൽ നിലവിൽ 11 പോയന്റുമായി 14ാം സ്ഥാനത്താണ് യുനൈറ്റഡ്.

യൂറോപ്പ ലീഗ് പട്ടികയിൽ 36 ടീമുകളിൽ യുനൈറ്റഡ് 21ാം സ്ഥാനത്താണ്. ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളും സമനിലയിലാണ് പിരിഞ്ഞത്. മേയിൽ എഫ്.എ കപ്പ് കിരീട നേട്ടത്തിനു പിന്നാലെ ടെൻ ഹാഗിന് ഒരു വർഷം കൂടി കരാർ നീട്ടി നൽകിയിരുന്നു. എന്നാൽ, പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം സീസണിലും ക്ലബിന്‍റെ മോശം തുടക്കമാണ് നടപടിയിലേക്ക് നയിച്ചത്.

2013ൽ സർ അലക്സ് ഫെർഗൂസൺ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയശേഷം ക്ലബ്ബിന് പ്രീമിയർ ലീഗിൽ കാര്യമായ നേട്ടമൊന്നും നേടാനായില്ല. 2022 സമ്മറിലാണ് 54കാരനായ ടെൻ ഹാഗ് ക്ലബിന്‍റെ ചുമലയേറ്റെടുക്കുന്നത്. അരങ്ങേറ്റ സീസണിൽ പ്രീമിയർ ലീഗിൽ ക്ലബ് മൂന്നാമത് ഫിനിഷ് ചെയ്തു. എഫ്.എ കപ്പിൽ ഫൈനലിൽ എത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയോട് 2-1ന് പരാജയപ്പെട്ടു. തൊട്ടടുത്ത സീസൺ മുതലാണ് കഷ്ടകാലം തുടങ്ങുന്നത്.

വാൻ നിസ്റ്റൽറൂയിയെപ്പോലെ പരിചയ സമ്പത്തില്ലാത്ത ഒരാൾക്ക് പകരം, യൂറോപ്യൻ ഫുട്ബോളിലെ ഒരു മികച്ച ടീമിനെ കൈകാര്യം ചെയ്ത പരിചയസമ്പന്നനായ ഒരു മാനേജരെയാണ് യുണൈറ്റഡിന് ആവശ്യം.

Tags:    

Similar News