കായികമന്ത്രി പറഞ്ഞത് കേരളത്തില്‍ അര്‍ജന്റീന രണ്ടു സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന്; സപോണ്‍സര്‍മാര്‍ പാലം വലിച്ചതോടെ മെസിയും സംഘവും കേരളത്തിലേക്കില്ല; കരാര്‍ തുക അടയ്ക്കാത്തതില്‍ അസോസിയേഷന്‍ നിയമനടപടി സ്വീകരിച്ചേക്കും; ഒക്ടോബറില്‍ അര്‍ജന്റീനയുടെ മത്സരം ചൈനയുമായി

മെസി കേരളത്തിലേക്ക് വരില്ല

Update: 2025-05-16 10:09 GMT

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം അനിശ്വിതത്വത്തില്‍. അര്‍ജന്റീനിയന്‍ മാദ്ധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ പുറത്തുവരുന്ന വിവരമനുസരിച്ച് അര്‍ജന്റീന ടീം സമീപകാലത്തൊന്നും കേരളത്തിലെത്തില്ല എന്ന് വ്യക്തമായിരിക്കുകയാണ്.

സ്‌പോണ്‍സര്‍ കരാര്‍ തുക അടയ്ക്കാത്തതാണു കാരണമാണ് കേരള സന്ദര്‍ശനം മുടങ്ങിയതെന്നാണ് വിവരം. സംഭവത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നിയമനടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്. കേരളത്തിലേക്ക് അര്‍ജന്റീന വരുമെന്നു പ്രതീക്ഷിച്ചിരുന്ന സമയത്തു തന്നെ ചൈനയില്‍ ടീമിനു മത്സരങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്ക് ഇതിഹാസ താരം ലയണല്‍ മെസ്സിയും ലോകകപ്പ് വിജയികളായ അര്‍ജന്റീനയും വരില്ലെന്ന് ഉറപ്പായത്.

അംഗോളയിലും ഖത്തറിലും അര്‍ജന്റീന മത്സരം ഉറപ്പിച്ചെന്ന് ഗാസ്റ്റന്‍ എഡ്യൂള്‍ അറിയിച്ചു. കേരളത്തിലെത്തും എന്ന സൂചനയുണ്ടായിരുന്ന ഒക്ടോബര്‍ മാസത്തില്‍ ചൈനയുമായാണ് അര്‍ജന്റീനയുടെ മത്സരം. കായികമന്ത്രി വി. അബ്ദുറഹ്‌മാനാണ് കേരളത്തില്‍ അര്‍ജന്റീന ടീമും മെസിയും ഒക്ടോബര്‍ മാസത്തിലെത്തുമെന്ന് അറിയിച്ചത്. അംഗോളയെ ആഫ്രിക്കയില്‍ അര്‍ജന്റീന നേരിടും അതേസമയം ഖത്തറില്‍ അമേരിക്കയാണ് എതിരാളി. അതേസമയം ചൈനയുമായി അര്‍ജന്റീന രണ്ട് മത്സരങ്ങള്‍ കളിക്കും.

കേരളത്തില്‍ അര്‍ജന്റീന രണ്ടു സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നായിരുന്നു നേരത്തേ സര്‍ക്കാര്‍ തലത്തിലടക്കം പറഞ്ഞിരുന്നത്. ഇതിനായി പ്രത്യേകം സ്റ്റേഡിയം നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീന ടീം വരുമെന്നു തുടക്കം മുതല്‍ പറഞ്ഞ സംസ്ഥാന സര്‍ക്കാരും ഇതോടെ പ്രതിരോധത്തിലായി.

2011ലാണ് അര്‍ജന്റീന അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സോള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് അര്‍ജന്റീന നേരിട്ടത്. 1-0ന് മത്സരം അര്‍ജന്റീന ജയിച്ചു. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം കേരളത്തില്‍ വലിയ ആഘോഷമായിരുന്നു. ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അര്‍ജന്റീനയെ കേരളത്തിലെത്തിക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ ഈ വര്‍ഷം അവരെത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News