ക്ലബ്ബ് ലോകകപ്പ് കിരീടത്തില്‍ ആര് മുത്തമിടും? യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പിഎസ്ജിയും ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയും നേര്‍ക്കുനേര്‍; സൂപ്പര്‍ കമ്പ്യൂട്ടറിന്റെ കണക്ക് കൂട്ടലില്‍ മുന്‍തൂക്കം പി.എസ്.ജിക്ക്
സൂപ്പര്‍ കമ്പ്യൂട്ടറിന്റെ കണക്ക് കൂട്ടലില്‍ മുന്‍തൂക്കം പി.എസ്.ജിക്ക്
ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ കിരീട പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കിരീടത്തില്‍ മുത്തമിടുന്നത് യൂറോപ്യന്‍ ചാമ്പ്യന്മാരായ പി എസ് ജിയോ അതോ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ലീഗ് വണ്‍, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ കൈയ്യടക്കിയ ശേഷം ക്ലബ്ബ് ലോകകപ്പിന്റെ നെറുകയിലെത്താനാണ് പി.എസ്.ജി മൈതാനത്തേക്കിറങ്ങുന്നത്. അതേസമയം, ക്ലബ് ലോകകപ്പിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ചെല്‍സി ഇറങ്ങുന്നത്. ഈസ്റ്റ് റഥര്‍ഫോര്‍ഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെയാണ് മത്സരം അരങ്ങേറിയത്.
ക്വാര്‍ട്ടറില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനേയും സെമിയില്‍ റയല്‍ മാഡ്രിഡിനെയും തകര്‍ത്താണ് ലൂയിസ് എന്റികെയുടെ പിഎസ്ജി കിരീടപോരാട്ടത്തിന് ഇറങ്ങുന്നത്. ബയേണിനെതിരെ പിഎസ്ജി രണ്ട് ഗോളിന് വീഴ്ത്തിയപ്പോള്‍ റയലിനെ തകര്‍ത്തത് നാല് ഗോളിനായിരുന്നു. അതേസമയം, ബ്രസീലിയന്‍ ക്ലബുകളായ പാല്‍മിറാസിന്റെയും ഫ്‌ലുമിനന്‍സിന്റെയും വെല്ലുവിളി അതിജീവിച്ചാണ് ചെല്‍സിയുടെ ഫൈനല്‍ പ്രവേശം. ക്വാര്‍ട്ടറില്‍ പാല്‍മിറാസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നപ്പോള്‍ സെമിയില്‍ ചെല്‍സിയുടെ ജയം എതിരില്ലാത്ത രണ്ട് ഗോളിന്.
പിഎസ്ജി ആരാധകര്‍ ഉറ്റുനോക്കുന്നത് എതിരാളികള്‍ക്കും സാഹചര്യത്തിനും അനുസരിച്ച് തന്ത്രങ്ങള്‍ ഒരുക്കുന്ന കോച്ച് ലൂയിസ് എന്റികെയിലേക്ക്. നെവെസ്, വിറ്റീഞ്ഞ, റൂയിസ് ത്രയം ഭരിക്കുന്ന മധ്യനിരയാണ് പിഎസ്ജിയുടെ നട്ടെല്ല്. ഗോളിലേക്ക് ഉന്നമിട്ട് ക്വാരസ്‌കേലിയയും ഡെംബലേയും യുവതാരം ഡുവേയും. ഹക്കീമിയും മാര്‍ക്വീഞ്ഞോയും നയിക്കുന്ന പ്രതിരോധവും ശക്തം.ഗോള്‍മുഖത്ത് വിശ്വസ്തനായി ഡോണറുമ.
2022ലെ ചാമ്പ്യന്‍മാരായ ചെല്‍സിയുടെ പ്രതീക്ഷ പക്ഷെ യുവതാരങ്ങളിലാണ്. ഗോള്‍ മുഖത്തേക്ക് ഇരച്ചെത്താന്‍ നെറ്റോയും പാമറും എന്‍കുകുവും പെഡ്രോയും. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് കോള്‍വില്ലും ഡെലാപ്പും പരിക്ക് മാറി കെയ്‌സോഡെയും തിരിച്ചെത്തുന്നത് ചെല്‍സിക്ക് ആശ്വാസമാകും. ഇരുടീമും ഇതിന് മുന്‍പ് നേര്‍ക്കുനേര്‍ വന്നത് എട്ട് മത്സരങ്ങളില്‍. പിഎസ്ജി മൂന്നിലും ചെല്‍സി രണ്ടിലും ജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
2012ല്‍ നീലപ്പട ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായത് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ബയേണ്‍ മ്യൂണിക്കിനെ അവരുടെ തട്ടകമായ അലയന്‍സ് അറീനയില്‍ മറിച്ചിട്ടാണെന്നോര്‍ക്കണം. 2021ല്‍ ചെല്‍സിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടം കരുത്തരില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയും. അതേവര്‍ഷം ക്ലബ് ലോകകപ്പും നേടിയ ടീമാണ് ചെല്‍സി. ഇക്കുറി പി.എസ്.ജിക്ക് മുന്നില്‍ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുകാരുടെ അവകാശവാദം.
എന്നാല്‍ മത്സരത്തിന് മുമ്പ് തന്നെ ആര് ജേതാക്കളാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍. സൂപ്പര്‍ കമ്പ്യൂട്ടറിന്റെ കണക്ക്കൂട്ടലില്‍ പി.എസ്.ജി ക്കാണ് മുന്‍തൂക്കം. 64.4 ശതമാനം ജയ സാധ്യതയും ഫ്രഞ്ച് ക്ലബ്ബിനാണ്. 35.6 ശതമാനം മാത്രമാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍ ചെല്‍സിക്ക് വിജയസാധ്യത കാണുന്നത്.