'ലീവ് മി എലോൺ..ബ്രോ'; സ്റ്റേഡിയത്തിൽ ആവേശമായി തുടങ്ങിയ ഫുട്ബോൾ മാമാങ്കം; ഇടവേളയ്‌ക്കിടെ തല്ലുമാല 2.0; എതിർ ടീമിന്റെ ആരാധകരുടെ മേൽ ശരവർഷം പോലെ പാഞ്ഞ് കല്ലുകൾ; നൂറ് പേരെ പൊക്കി പോലീസ്

Update: 2025-08-23 15:44 GMT

ബ്യൂണസ് അയേഴ്സ്: അർജന്റീനയിലെ ഒരു ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ നൂറ് ആരാധകരെ പോലീസ് അറസ്റ്റ് ചെയ്തു. അർജന്റീനയുടെ ഇൻഡിപെൻഡിയെന്റേയും ചിലിയുടെ യൂണിവേഴ്സിഡാഡ് ഡി ചിലിയുടേയും മത്സരത്തിനിടെയാണ് സംഭവം നടന്നത്. മത്സരത്തിന്റെ ഇടവേളയിൽ ചിലി ആരാധകർ അർജന്റീന ആരാധകർക്ക് നേരെ കല്ലുകൾ, വടികൾ, സ്റ്റൺ ഗ്രനേഡ് എന്നിവ വലിച്ചെറിഞ്ഞുവെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് പ്രകോപിതരായ ഇൻഡിപെൻഡിയെന്റെ ആരാധകർ ചിലി ആരാധകരുടെ ഭാഗത്തേക്ക് ഇരച്ചുകയറി ആക്രമണം നടത്തി.

സംഭവത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. ചിലി സ്വദേശികളായ 19 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഒരാൾക്ക് കുത്തേറ്റതായിട്ടാണ് വിവരം. ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് സംഭവത്തെ "അംഗീകരിക്കാനാവാത്ത വധശ്രമം" എന്ന് വിശേഷിപ്പിക്കുകയും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ചിലി ആഭ്യന്തര മന്ത്രിയെ ബ്യൂണസ് അയേഴ്സിലേക്ക് അയച്ചിട്ടുണ്ട്.

ചിലിയുടെ കോൺസൾ ജനറൽ ആൻഡ്രിയ കോഞ്ച ഹെരേരയുടെ റിപ്പോർട്ട് അനുസരിച്ച് 98 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരിൽ ഒരു യൂണിവേഴ്സിഡാഡ് ആരാധകനും ഉൾപ്പെടുന്നു. ഇയാൾ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സ്റ്റേഡിയത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

അർജന്റീനയിലെ ഇൻഡിപെൻഡിയെന്റെ പ്രസിഡന്റ് നെസ്റ്റർ ഗ്രുണ്ടെറ്റി ചിലി ആരാധകർ സ്റ്റേഡിയത്തിലെ ടോയ്‌ലെറ്റുകൾ പറിച്ചെടുത്ത് ആരാധകർക്ക് നേരെ വലിച്ചെറിഞ്ഞതായി ആരോപിച്ചു. അതേസമയം, ചിലി ആരാധകർ കല്ലുകളും സീറ്റുകളും മൂത്രവും കാഷ്ഠവും അടക്കം എല്ലാത്തരം വസ്തുക്കളും സ്റ്റേഡിയത്തിലേക്ക് വലിച്ചെറിഞ്ഞതായി ഒരു ഇൻഡിപെൻഡിയെന്റെ ആരാധകൻ പറഞ്ഞു. ഇരുഭാഗത്തുനിന്നുള്ള ആരാധകരും കളിക്കാരും ബ്യൂണസ് അയേഴ്സ് പോലീസിന്റെ ഇടപെടൽ വൈകിയതായി ആരോപണം ഉണ്ട്.

Tags:    

Similar News