രണ്ട് ഗോളിന് പിന്നിലായ ശേഷം രണ്ടാംപകുതിയില്‍ അവിശ്വസനീയ തിരിച്ചുവരവ്; സൗഹൃദ മത്സരത്തില്‍ വമ്പന്മാരായ ബ്രസീലിനെ മുട്ടുകുത്തിച്ച് ജപ്പാന്‍; ചരിത്രജയം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

Update: 2025-10-14 15:17 GMT

ടോക്യോ: സൗഹൃദ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീലിനെ മുട്ടുകുത്തിച്ച് ജപ്പാന്‍. അഞ്ചുതവണ ലോകചാമ്പ്യന്മാരായ ടീമിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. രണ്ട് ഗോളിന് പിന്നിലായ ശേഷം രണ്ടാംപകുതിയില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ജപ്പാന്റെ ജയം. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ബ്രസീല്‍ രണ്ടാം പകുതിയില്‍ കളി മറക്കുന്ന കാഴ്ചയാണ് കണ്ടത്. അര മണിക്കൂറിനിടെ മൂന്ന് ഗോളുകള്‍ നേടി ജപ്പാന്‍ മത്സരത്തില്‍ ജയം നേടുകയായിരുന്നു. രണ്ടാം പകുതിയില്‍ ടീമംഗങ്ങള്‍ക്കെല്ലാം ബ്ലാക്കൗട്ട് സംഭവിച്ചെന്ന് ബ്രസീല്‍ ക്യാപ്റ്റന്‍ കാസെമിറോ മത്സരശേഷം പ്രതികരിച്ചു.

26ാം മിനിറ്റില്‍ പൗലോ ഹെന്റികയും 32-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ബ്രസീലിനായി സ്‌കോര്‍ ചെയ്തു. മധ്യനിരയില്‍ കളി മെനഞ്ഞ ഗിമാരോസ് നല്‍കിയ ത്രൂ ബോള്‍ ഹെന്റിക ജപ്പാന്റെ ഓഫ് സൈഡ് കെണി പൊളിച്ച് വലയിലെത്തിക്കുകയായിരുന്നു (10). ആറുമിനിറ്റിനുശേഷം ലൂക്കോസ് പക്വേറ്റയുടെ കിടിലന്‍ പാസ് സ്വീകരിച്ച് മാര്‍ട്ടിനെല്ലി ശാന്തമായ ഒരു ഫിനിഷിങ് നടത്തി സന്ദര്‍ശകരുടെ ലീഡുയര്‍ത്തി (20). ആദ്യ പകുതിയില്‍ ജപ്പാന്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇടവേളയ്ക്ക് ശേഷം കളി മാറി. രണ്ടു ഗോളിന് പിറകില്‍ നിന്നിട്ടും ആത്മവിശ്വാസവും പുത്തനുണര്‍വും കൈമുതലായെടുത്ത് ജപ്പാന്‍ മത്സരഫലം മാറ്റിമറിച്ചു. ബ്രസീല്‍ താരങ്ങളുടെ പ്രതിരോധപ്പിഴവുകള്‍ മുതലെടുത്ത് 52-ാം മിനിറ്റില്‍ തകുമി മിനാമിനോ ജപ്പാന്റെ ആദ്യ ഗോള്‍ നേടി (21). ഫാബ്രിസിയോ ബ്രൂണോയുടെ പാസിങ്ങിലെ പിഴവ് മുതലെടുത്തായിരുന്നു ഈ നേട്ടം. ഒന്‍പത് മിനിറ്റിനുശേഷം ഒരു ക്ലയറന്‍സിനുള്ള ശ്രമം നടത്തിയ ബ്രൂണോയ്ക്ക് വീണ്ടും പിഴച്ചു. കെയ്റ്റോ നാകാമുറ വഴി ജപ്പാന്റെ സമനില ഗോള്‍ (22).

ഇതോടെ ബ്രസീലിന്റെ നില കൂടുതല്‍ പരുങ്ങലിലായി. അപാരമായ ആത്മവിശ്വാസം ആര്‍ജിച്ച ജപ്പാന് സ്വന്തം നാട്ടുകാരുടെ ആര്‍പ്പുവിളികളാര്‍ന്ന പിന്തുണ കൂടി ലഭിച്ചതോടെ വിജയഗോളും സാധ്യമായി. 71-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജുന്‍യ ഇറ്റോ എടുത്ത കോര്‍ണര്‍ കിക്ക്, പ്രതിരോധതാരം ലൂക്കാസ് ബെറാള്‍ഡോയെ മറികടന്ന് അയാസെ ഉവേദ ശക്തമായ ഹെഡറിലൂടെ വലയിലേക്ക് നീക്കി (32). ഇരുടീമും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീലിനെതിരേയുള്ള ജപ്പാന്റെ ആദ്യ ജയമാണിത്. ഇതിന് മുന്‍പ് നടന്ന 13 മത്സരങ്ങളില്‍ 11-ലും ബ്രസീലിനായിരുന്നു ജയം.

ഒരു പകുതി മുഴുവന്‍ ഉറങ്ങിപ്പോയാല്‍ അത് നിങ്ങള്‍ക്ക് ലോകകപ്പോ കോപ്പ അമേരിക്കയോ ഒളിമ്പിക് മെഡലോ നഷ്ടപ്പെടുത്തിയേക്കാം. ഇതില്‍നിന്ന് പാഠം പഠിക്കണം. കാരണം ലോകകപ്പ് ഏതാനും മാസങ്ങള്‍ മാത്രം അകലെയാണ്. ചെറിയകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ദക്ഷിണ കൊറിയക്കെതിരേ ബ്രസീല്‍ ഏകപക്ഷീയമായ അഞ്ച് ഗോളിന്റെ ആധികാരിക ജയം നേടിയിരുന്നു. ടീമിലെ കാസെമിറോ, ബ്രൂണോ ഗിമാരേസ്, വിനീഷ്യസ് ജൂനിയര്‍ എന്നിവരെ മാത്രം നിലനിര്‍ത്തിയാണ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി ജപ്പാനെതിരേ ടീമിനെ തയ്യാറാക്കിയത്. എങ്കിലും തുടക്കത്തില്‍ ബ്രസീലിന് മത്സരത്തില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും രണ്ടാംപകുതിയില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു.

Tags:    

Similar News