ഇന്ത്യൻ സൂപ്പർ ലീഗ്; തുടർച്ചയായ മൂന്നാം ജയവയുമായി ഒന്നാമതെത്താൻ പഞ്ചാബ് എഫ്‌സി; ആദ്യം ജയം തേടി ഹൈദരാബാദ് എഫ്‌സി
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് പഞ്ചാബ് എഫ്‌സി ബുധനാഴ്ച ഹൈദരാബാദ് എഫ്‌സിയെ നേരിടും. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30 ക്കാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിൽ ജയച്ച പഞ്ചാബ് പോയിന്റ് പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്, പോയിന്റിൽ ബെംഗളൂരു എഫ്‌സി, ജംഷഡ്പൂർ എഫ്‌സി എന്നിവരുമായി ഒപ്പത്തിനൊപ്പമാണ് പഞ്ചാബ്.
ലൂക്കാ മജ്‌സെൻ പരിക്ക് കാരണം പുറത്തായതിനാൽ മുഷാഗ ബകെംഗയിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. മുഖ്യ പരിശീലകൻ ദിൽപെരിസ് ബകെംഗയുടെ കഴിവുകളിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ലൂക്കാ മജ്‌സെൻ ഇല്ലാതെ ഇറങ്ങിയ കഴിഞ്ഞ മത്സരത്തിൽ മിന്നും വിജയം സ്വന്തമാക്കാൻ പഞ്ചാബിനായിരുന്നു. മലയാളി താരങ്ങളായ നിഹാൽ സുധീഷ്, ലിയോൺ എന്നിവരുടെ ഗോളിലായിന്നു പഞ്ചാബ് ഒഡീഷ എഫ്‌സിയെ തറപറ്റിച്ചത്.
മറുവശത്ത്, സീസണിൻ്റെ തുടക്കത്തിൽ തന്നെ ഹൈദരാബാദ് എഫ്‌സി വിജയം നേടാനാവാതെ കഷ്ടപ്പെടുകയാണ്. അവസാന മത്സരത്തിൽ ബെംഗളൂരു എഫ്‌സിയോട് 0-3ന് അവർ തോറ്റിരുന്നു. ഒരു മത്സരം മാത്രം കളിച്ച ഹൈദരാബാദ് തിരിച്ച വരവിനൊരുങ്ങുകയാണ്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണിപ്പോൾ ടീം ഉള്ളത്. എന്നാൽ പഞ്ചാബിനെതിരെയുള്ള മത്സരം ജയിക്കാനായാൽ കുറഞ്ഞത് എട്ടാം സ്ഥാനത്തെങ്കിലും അവർക്കെത്താനാവും.
പഞ്ചാബിൻ്റെ നിഹാൽ സുധീഷ്, അഭിഷേക് സിംഗ്, ലിയോൺ എന്നിവർ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അവരുടെ പ്രധാന താരങ്ങളിലൊരാളായ ലൂക്കാ മജ്‌സെന്റെ പരിക്ക് ടീമിന്റെ പ്രകടനത്തെ ബാധിക്കാൻ സാധ്യതയില്ല.
കണക്കുകൾ നാളത്തെ മത്സരം പഞ്ചാബിന് അനുകൂലമാണെങ്കിലും, ശക്തമായ പ്രധിരോധം തീർക്കാൻ ഹൈദരാബാദ് എഫ്‌സിക്കാകുമെന്നാണ് വിലയിരുത്തൽ.