കേരള ഫുട്ബോളിന്റെ മുഖച്ഛായ മാറും; സഞ്ജു സാംസണ്‍ മലപ്പുറം എഫ് സിയുടെ സഹ ഉടമ; ഔദ്യോഗിക പ്രഖ്യാപനം; ആവേശത്തിരയില്‍ ആരാധകര്‍
സഞ്ജു സാംസണ്‍ മലപ്പുറം എഫ് സി ഉടമയാകുന്നു
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സൂപ്പര്‍ ലീഗ് കേരളയിലെ ക്ലബായ മലപ്പുറം എഫ് സിയുടെ ഓഹരികള്‍ സ്വന്തമാക്കി. മലപ്പുറം എഫ് സി ടീം അധികൃതര്‍ തന്നെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സഞ്ജുവിനെ പോലൊരു ഇന്ത്യന്‍ താരത്തിന്റെ സാന്നിധ്യം ക്ലബിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് ഉറപ്പാണ്.
മലപ്പുറം എഫ് സിയും ഫോഴ്സ കൊച്ചിയും തമ്മിലായിരുന്നു സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരം നടന്നത്. അനസ് എടത്തൊടിക നയിക്കുന്ന മലപ്പുറം എഫ്.സി. ജയം നേടിയിരുന്നു. ബ്രസീലിയന്‍ താരങ്ങളുടെ കരുത്തുമായെത്തിയ ഫോഴ്സാ കൊച്ചിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തകര്‍ത്തത്.
നടന്‍ പൃഥ്വിരാജാണ് ഫോഴ്സാ കൊച്ചിയുടെ ഉടമ. നടന്‍ ആസിഫ് അലി കണ്ണൂര്‍ വാരിയേഴ്സ് സഹ ഉടമയാണ്. സഞ്ജു സാംസണും കൂടി ഉടമകളുടെ ശ്രേണിയിലേക്ക് നിലവില്‍ ഉയര്‍ന്നിരിക്കുകയാണ്.
പുതിയ പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബായ മലപ്പുറം എഫ്.സിയിലേക്ക് ഒരു സെലിബ്രിറ്റി എത്തുന്നുവെന്ന പ്രചരണം ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. അത് ആരാണെന്ന സംശയങ്ങള്‍ ഉയരുന്നതിനിടെയാണ് ടീം മാനേജ്‌മെന്റ്, മലയാളികള്‍ക്ക് സുപരിചിതമായ ആ പേര് ചൂണ്ടിക്കാണിക്കുന്നത്.
ടീമുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് സഞ്ജു സാംസണ്‍ അറിയിച്ചതായി ടീം കോ ഓഡിനേറ്ററും പ്രൊമോട്ടറുമായ ആഷിക്ക് കൈനിക്കര മലപ്പുറത്ത് ഒരു ചടങ്ങിലാണ് വ്യക്തമാക്കിയത്. ടീമിന്റെ ഓഹരി ഉടമയാകാനുള്ള താല്‍പര്യം സഞ്ജു അറിയിച്ചുവെന്നാണ് അറിയിച്ചത്.
കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായി എം.എ.യൂസഫലി മലപ്പുറം എഫ്.സിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ ക്ലബ്ബ് ആരാധകര്‍ ആവേശത്തിലാണ്. ആയിരക്കണക്കിന് പേരാണ് മലപ്പുറം എം.എസ്.പിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലും മലപ്പുറം എഫ്.സി തരംഗമായി മാറുന്നുണ്ട്. കേരളത്തിലെയും ഗള്‍ഫിലെയും പ്രമുഖ വ്യവസായികള്‍ പ്രമോട്ടര്‍മാരായ ക്ലബ്ബിന് വിദേശ താരങ്ങളടക്കം മികച്ച താരനിരയുണ്ട്.
അജ്മല്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ അജ്മല്‍ ബിസ്മി, ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍, മാനേജിംഗ് ഡയരക്ടര്‍ അന്‍വര്‍ അമീന്‍ ചേലാട്ട്, കെ.ആര്‍. ബേക്കേഴ്സ് ഉടമ കെ.ആര്‍.ബാലന്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ഡയരക്ടര്‍ ആഷിഖ് കൈനിക്കര, സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര തുടങ്ങിയവരാണ് ടീമിന്റെ പ്രാധാന പ്രൊമോട്ടര്‍മാര്‍. ഇംഗ്ലീഷ് ടീമിന്റെ മുന്‍ താരമായ ജോണ്‍ ചാള്‍സ് ഗ്രിഗറിയാണ് മുഖ്യപരീശിലകന്‍. മുന്‍ ദേശീയ താരം അനസ് എടത്തൊടിക ഉള്‍പ്പടെയുള്ള താരനിരയാണ് മലപ്പുറം എഫ്.സിക്കുള്ളത്.