സന്തോഷ് ട്രോഫിയില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് കേരളം; എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഡല്‍ഹിയെ തകര്‍ത്തു
ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കേരളം ഡല്‍ഹിയെ തോല്‍പ്പിച്ചത്. വൈകിട്ട് ഹൈദരാബാദിലെ ഡെക്കാന്‍ അരീനയിലായിരുന്നു മത്സരം.
ടീമില്‍ മാറ്റത്തോടെയാണ് കേരളം ഇന്ന് മത്സരിക്കാന്‍ ഇറങ്ങിയത്. സ്‌ട്രൈക്കര്‍ മുഹമ്മദ് അജ്‌സലിന് പകരം ടി ഷിജിനും, മുഹമ്മദ് റോഷലിനു പകരം നിജോ ഗില്‍ബര്‍ട്ടും ഇറങ്ങി. എന്നാല്‍ ശൈലിയില്‍ മാറ്റം ഒന്നും വരുത്തിയില്ല. പതിവുപോലെ 5-4-1 എന്ന രീതിയില്‍ തന്നെയാണ് കോച്ച് ബിബി തോമസ് കേരളത്തെ ഇറക്കിയത്.
കേരളത്തിനായി നസീബ് റഹ്‌മാന്‍ം ജോസ്ഫ് ജസ്റ്റിന്‍, ടി. ഷിജിന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച കേരളത്തെ സംബന്ധിച്ച് ഞായറാഴ്ച സമ്മര്‍ദമില്ലാത്ത പോരാട്ടമായിരുന്നു. ലക്ഷ്യം ഗ്രൂപ്പ് ജേതാക്കളായുള്ള ക്വാര്‍ട്ടര്‍ പ്രവേശനം മാത്രം. 24-ന് തമിഴ്‌നാടിനെതിരെയാണ് ഗ്രൂപ്പില്‍ കേരളത്തിന്റെ അവസാന മത്സരം. കേരളത്തിനോട് പരാജയപ്പെട്ടതോടെ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഡല്‍ഹിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.