ചരിത്രനേട്ടത്തിലേക്ക് ഇന്ത്യ! ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ഉറപ്പിച്ച് ഇന്ത്യന്‍ ഫൈനല്‍; കലാശപ്പോരില്‍ കൊനേരു ഹംപിയും കൗമാരതാരം ദിവ്യ ദേശ്മുഖും നേര്‍ക്കുനേര്‍; സമനില വന്നാല്‍ ടൈബ്രേക്കര്‍
ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ഉറപ്പിച്ച് ഇന്ത്യന്‍ ഫൈനല്‍
ബതുമി: ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഫൈനല്‍. ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്ന എന്ന അപൂര്‍വതയ്ക്ക് ജോര്‍ജിയ വേദിയായി. ഇന്ത്യയുടെ കൊനേരു ഹംപിയും ഇന്ത്യയുടെ കൗമാരതാരം ദിവ്യ ദേശ്മുഖും ഫൈനലില്‍ നേര്‍ക്കുനേര്‍ വരും. സെമിയില്‍ ചൈനയുടെ ലെയ് ടിങ്ജിയെ പരാജയപ്പെടുത്തിയാണ് ഹംപി ഫൈനലിലേക്ക് മുന്നേറിയത്. ചൈനയുടെ മുന്‍ ലോകചാമ്പ്യന്‍ ടാന്‍ സോംങ്കിയെ സെമിയില്‍ കീഴടക്കിയാണ് ദിവ്യ ഫൈനലില്‍ കടന്നത്.
ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും ഫൈനലില്‍ കടന്നതോടെയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരങ്ങള്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ ഉറപ്പാക്കിയത്. ആവേശകരമായ രണ്ടാം സെമിയില്‍ ഹംപി ചൈനയുടെ ഗ്രാന്റ്മാസ്റ്റര്‍ ലെയ് ടിന്‍ജിയെ ടൈബ്രേക്കറില്‍ കീഴടക്കി(5-3). സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായിരുന്നു. തുടര്‍ന്ന് ടൈബ്രേക്കറിലെ ആദ്യ രണ്ടു ഗെയിമുകളും സമനിലയിലായി. പിന്നീട് മൂന്നാം ഗെയിമില്‍ ജയിച്ച് ചൈനീസ് താരം ലീഡ് നേടി. എന്നാല്‍, അടുത്ത മൂന്ന് ഗെയിമുകളും നേടി ഹംപി കിരീടപോരാട്ടത്തിന് യോഗ്യത നേടി. ആദ്യമായാണ് ഹംപി ലോകകപ്പില്‍ ഫൈനല്‍ കളിക്കുന്നത്.
ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രമെഴുതിയാണ് കൗമാരതാരം ദിവ്യ ദേശ്മുഖ് ഫൈനലുറപ്പിച്ചത്. ചൈനയുടെ മുന്‍ ലോകചാമ്പ്യന്‍ ടാന്‍ സോംങ്കിയെ കീഴടക്കിയാണ് ദിവ്യ ഫൈനലില്‍ കടന്നത്. (1.5 -0.5). ഇതോടെ, ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ദിവ്യ. ലോകചാമ്പ്യന്‍ഷിപ്പ് കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിനും യോഗ്യത ഉറപ്പാക്കി. ഫൈനലിലെ ആദ്യ ഗെയിം 26-നും രണ്ടാം ഗെയിം 27-നും നടക്കും. സമനില വന്നാല്‍ 28-ന് ടൈബ്രേക്കറിലൂടെ വിജയിയെ നിശ്ചയിക്കും. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി ഫൈനലില്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകത.