സാരിയുടുത്ത് കഴുത്തില്‍ ഇരു ഒളിംപിക്‌സ് മെഡലുകളും ധരിച്ചുള്ള ചിത്രവുമായി മനു ഭാകര്‍; മെഡലുമായി 'ഷോ'യെന്ന സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്ക് ഇന്ത്യന്‍ താരത്തിന്റെ മറുപടി
ഒളിംപിക്‌സ് മെഡലുമായി 'ഷോ'യെന്ന പരിഹാസത്തിന് മറുപടിയുമായി മനു ഭാകര്‍
മുംബൈ: പാരിസ് ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ ഇരട്ട മെഡല്‍ രാജ്യത്തിന് സമ്മാനിച്ച മനു ഭാകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നേരിട്ട പരിഹാസത്തിന് താരത്തിന്റെ മറുപടി വൈറലാകുന്നു. എവിടെപ്പോയാലും അതുമായി നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് ഇന്ത്യന്‍ താരം മനു ഭാക്കര്‍ മറുപടി നല്‍കുന്നത്.
ഒളിംപിക്‌സിലെ മെഡല്‍ നേട്ടത്തിനു ശേഷം തിരിച്ചെത്തിയ മനു ഭാക്കര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വീകരണ യോഗങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത പരിപാടികള്‍ക്കായി ക്ഷണിക്കപ്പെട്ടിരുന്നു. ഇവിടങ്ങളിലെല്ലാം ഒളിംപിക്‌സ് മെഡലുകളുമായി പോകുന്നതാണ് മനുവിന്റെ രീതി. ഇതോടെയാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക ട്രോളുകള്‍ ഉയര്‍ന്നത്.
''പാരിസ് ഒളിംപിക്‌സില്‍ ഞാന്‍ നേടിയ രണ്ടു മെഡലുകളും ഇന്ത്യയ്ക്കായി നേടിയതാണ്. ഒളിംപിക്‌സിനു ശേഷം ഏതു പരിപാടിക്ക് എന്നെ വിളിച്ചാലും മെഡലുകള്‍ കൂടി കൊണ്ടുവരണമെന്ന് സംഘാടകര്‍ ആവശ്യപ്പെടാറുണ്ട്. മെഡലുമായി പോകുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ. എന്റെ സുന്ദരമായ യാത്ര എല്ലാവരുമായി പങ്കുവയ്ക്കുന്നതിനുള്ള എന്റെ രീതി ഇതാണ്' മനു ഭാക്കര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സാരിയുടുത്ത് കഴുത്തില്‍ ഇരു മെഡലുകളും ധരിച്ചുള്ള ചിത്രം സഹിതമാണ് മനു ഭാക്കറിന്റെ മറുപടി പോസ്റ്റ്.
നേരത്തെ, ട്രോളുകളുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തോടും മനു ഭാക്കര്‍ പ്രതികരിച്ചിരുന്നു. 'ഞാന്‍ മെഡലുകള്‍ കൊണ്ടുനടക്കും. അതിലെന്താണ് പ്രശ്‌നം' എന്നായിരുന്നു മനുവിന്റെ ചോദ്യം.
''എല്ലാവരും ഞാന്‍ നേടിയ മെഡലുകള്‍ കാണണമെന്ന് ആഗ്രഹം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടാണ് എവിടെപ്പോയാലും അതു കൊണ്ടുപോകുന്നത്. ഏതു പരിപാടിക്കു വിളിച്ചാലും മെഡലുകള്‍ കൂടി കൊണ്ടുവരണമെന്ന് അവര്‍ അഭ്യര്‍ഥിക്കാറുണ്ട്. ഞാന്‍ ഏറ്റവും അഭിമാനത്തോടെ അതു കൊണ്ടുപോകാറുമുണ്ട്. ഈ പരിപാടികളിലെല്ലാം മെഡലുകളുമായി നില്‍ക്കുന്ന എത്രയോ ചിത്രങ്ങളാണ് പകര്‍ത്തിയത്' മനു പറഞ്ഞു.