'ഇതാ ആ രാജാവ്'; ഗുകേഷിന് ചെസ് രാജാവ് സമ്മാനിച്ച പഴയ ഓര്‍മ പങ്കുവെച്ച് വിശ്വാനാഥന്‍ ആനന്ദ്

Update: 2024-12-13 14:46 GMT

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരം ഡി ഗുകേഷ് ലോകചാമ്പ്യനായത് ഇന്നലെയാണ്. ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വിജയിയായാണ് ഗുകേഷ് ചരിത്രം കുറിച്ചത്. 18 വയസ്സ് മാത്രമാണ് ഗുകേഷിന്റെ പ്രായം. 2012ല്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്.

ഇപ്പോഴിതാ ഗുകേഷ് ലോകചാമ്പ്യനായതിന്റെ ആനന്ദം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദ്. ആനന്ദിന്റെ അക്കാദമിയിലൂടെയാണ് ഗുകേഷ് കരുനീക്ക പോരാട്ടത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. വിജയത്തില്‍ താരത്തെ അഭിനന്ദിച്ച ആനന്ദ് ഗുകേഷിനെ ചെറിയ പ്രായത്തില്‍ കണ്ടതിന്റെ ഓര്‍മകളും എക്സില്‍ പോസ്റ്റ് ചെയ്തു.

'ഇതാ ആ രാജാവ്' എന്ന കുറിപ്പോടെയാണ് പഴയ ചിത്രം താരം പങ്കിട്ടത്. ഒരു ടൂര്‍ണമെന്റില്‍ വിജയിച്ച ഗുകേഷിന് ചെസിലെ രാജാവിന്റെ കരുവിന്റെ മാതൃകയിലുള്ള ട്രോഫി സമ്മാനിക്കുന്നതായിരുന്നു ചിത്രം.

'അഭിനന്ദങ്ങള്‍! ഈ നേട്ടം ചെസിനും ഇന്ത്യക്കും വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിക്കും എനിക്ക് വ്യക്തിപരമായും അഭിമാനിക്കാവുന്ന നിമിഷമാണ്. ആവേശകരമായി മത്സരം കളിച്ച് ഡിങ് ആരാണെന്നും കാണിച്ചു തന്നു.'- ആനന്ദ് കുറിച്ചു.

നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെ കീഴടക്കിയാണ് 18ാം വയസില്‍ ഗുകേഷ് അനുപമ നേട്ടം സ്വന്തമാക്കിയത്. ചെസ് ലോക ചാംപ്യന്‍പട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗുകേഷ് സ്വന്തമാക്കി. ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരവും ഗുകേഷ് തന്നെ.



Tags:    

Similar News