ജീന്‍സ് ധരിച്ച് ഡ്രസ് കോഡ് ലംഘിച്ചു; വസ്ത്രം മാറാന്‍ പറഞ്ഞിട്ടും വഴങ്ങിയില്ല; ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മാഗ്‌നസ് കാള്‍സനെ അയോഗ്യനാക്കി ഫിഡ; വിവേകശൂന്യം എന്ന് കാള്‍സന്റെ പ്രതികരണം

Update: 2024-12-28 05:48 GMT

വാഷിങ്ടണ്‍: ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മാഗ്‌നസ് കാള്‍സന്‍ പുറത്ത്. ഫിഡയുടെയാണ് നടപടി. മത്സരത്തില്‍ ജീന്‍സ് പാടില്ലന്ന ചട്ടം നിലനില്‍ക്കെ ജീന്‍സ് ധരിച്ചെത്തുകയും മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ താരം വഴങ്ങാത്തതിനുമാണ് നടപടി. സംഭവത്തില്‍ 200 ഡോളര്‍ പിഴയും കാള്‍സന് നല്‍കേണ്ടി വരും. നിലവിലെ ചാമ്പ്യന്‍ കൂടിയാണ് മാഗ്നസ് കാള്‍സന്‍.

അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് നോര്‍വീജിയന്‍ താരത്തെ ടൂര്‍ണമെന്റില്‍നിന്ന് അയോഗ്യനാക്കിയത്. അടുത്ത ദിവസം ഡ്രസ് കോഡ് പാലിക്കാമെന്ന താരത്തിന്റെ വാദം ഫിഡെ അംഗീകരിച്ചില്ല. ക്ഷുഭിതനായി വസ്ത്രം മാറില്ലെന്ന് താരം അറിയിച്ചതോടെയാണ് അച്ചടക്ക നടപടിയെടുത്തത്.

'ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലെ പെരുമാറ്റ ചട്ടങ്ങള്‍ പ്രഫഷനലിസവും തുല്യതയും ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണ്. മാഗ്‌നസ് കാള്‍സണ്‍ ജീന്‍സ് ധരിച്ച് ഡ്രസ് കോഡ് ലംഘിച്ചു. ഇത് താരത്തെ ബോധ്യപ്പെടുത്തുകയും 200 ഡോളര്‍ പിഴ ചുമത്തുകയും വസ്ത്രം മാറാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, താരം വഴങ്ങിയില്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്' -ഫിഡെ പത്രക്കുറിപ്പില്‍ അറിയിച്ചു. വിവേകശൂന്യം എന്നാണ് കാള്‍സണ്‍ ഫിഡെ നടപടിയോട് പ്രതികരിച്ചത്.

യു.എസിലെ ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയാണ് ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ അര്‍ജുന്‍ എരിഗെയ്‌സി, റോനക് സദ്‌വാനി എന്നിവര്‍ നാലു ജയവും ഒരു തോല്‍വിയുമായി അഞ്ചാം സ്ഥാനത്തെത്തി. നാലു ജയവും ഒരു സമനിലയുമായി 4.5 പോയന്റുള്ള റഷ്യയുടെ മുര്‍സിന്‍ വോളോദര്‍, അര്‍മീനിയ താരം ഷാന്റ് സര്‍ഗ്‌സ്യാന്‍, അമേരിക്കന്‍ താരങ്ങളായ ഡാനിയല്‍ നരോഡിറ്റ്‌സ്‌കി, ലെനിയര്‍ ഡൊമിന്‍ഗസ് പെരസ് എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍. നാലു പോയന്റുമായി അര്‍ജുനൊപ്പം പ്രമുഖരായ ഹികാരു നകാമുറ, നദീര്‍ബെക് അബ്ദുസ്സത്താറോവ്, അനിഷ് ഗിരി തുടങ്ങി 10 പേര്‍ കൂടിയുണ്ട്.

വനിതകളില്‍ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാലും ജയിച്ച് അമേരിക്കന്‍ താരം ആലീസ് ലീ ഒറ്റക്ക് ലീഡ് പിടിച്ചു. ഇന്ത്യന്‍ താരം ഡി. ഹരിക മൂന്ന് ജയവുമായി ഒരു സമനിലയുമായി തൊട്ടുപിറകിലുണ്ട്. നിലവിലെ ലോക ചാമ്പ്യന്‍ വെന്‍ജുന്‍ ജു, സോന്‍ഗി ടാന്‍, ഗുനയ് മുഹമ്മദസാദ, നിനോ ബറ്റ്‌സിയഷ്വിലി എന്നിവരും 3.5 പോയന്റ് നേടി.

Tags:    

Similar News