ആന്ധ്രയുടെ മണ്ണില്‍ പിറന്ന ചെസിലെ 'അത്ഭുത വനിത'; ആറാം വയസ്സില്‍ അച്ഛനെ തോല്‍പ്പിക്കാന്‍ തുടങ്ങിയ കരുനീക്കം; രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയായി കൊനേരു ഹംപി; അമ്മയായ ശേഷം നീക്കങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച; ഗുകേഷിന് പിന്നാലെ മറ്റൊരു അതുല്യ നേട്ടം; വനിതാ ലോക കിരീടം വീണ്ടും ഇന്ത്യയിലേക്ക്
വാഷിങ്ടണ്‍: ലോക ചെസില്‍ ഇന്ത്യന്‍ വിസ്മയം തുടരുന്നു. ലോക റാപിഡ് ചെസ് വനിതാ വിഭാഗത്തില്‍ കിരീടമണിഞ്ഞ് ഇന്ത്യയുടെ കൊനേരു ഹംപി പുതു ചരിത്രം നേടുകയാണ്. 11-ാം റൗണ്ടില്‍ ഇന്തോനേഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തി 8.5 പോയന്റോടെയാണ് ഹംപിയുടെ കിരീടനേട്ടം. 2019-ല്‍ മോസ്‌കോയില്‍ നടന്ന ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലും കിരീടം നേടിയിരുന്നു. രണ്ടു തവണ കിരീടം നേടിയ ഹംപി എല്ലാ അര്‍ത്ഥത്തിലും ചെസ് ഇതിഹാസ പട്ടികയിലേക്ക് കടക്കുകയാണ്.
10 വയസ്സിനും 12 വയസ്സിനും 14 വയസ്സിനും താഴെയുള്ള പെണ്‍കുട്ടികളുടെ ചെസില്‍ ലോക കിരീടം നേടി ഇന്ത്യയെ വിസ്മയിപ്പിച്ച താരമാണ് ആന്ധ്രാ പ്രദേശുകാരിയായ കൊനേരു ഹംപി. ഒളിമ്പ്യാഡ്, ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവാണ്. ഡി ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി കൊനേരു ഹംപിയിലൂടെ എത്തുകയാണ്. രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി. ചൈനയുടെ യു വെന്‍യുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന താരമെന്ന നേട്ടമാണ് ഹംപിക്ക് സ്വന്തമായത്.
കരിയറില്‍ ഉടനീളം റാപ്പിഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമാണ് ഹംപി. 2012-ല്‍ മോസ്‌കോയില്‍ നടന്ന റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം ഉസ്ബെക്കിസ്താനിലെ സമര്‍കണ്ടില്‍ വെള്ളിയും നേടിയിട്ടുണ്ട്. ആറാം വയസ്സില്‍ ചെസ്സ് കളിച്ചുതുടങ്ങിയ ഹംപി, രണ്ടുവര്‍ഷത്തിനുശേഷം ദേശീയ ചെസ്സ് കിരീടം നേടിയപ്പോള്‍ത്തന്നെ ലോകചാമ്പ്യനാകുന്നത് സ്വപ്നം കണ്ടു. പതിനഞ്ചാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടി ലോക റെക്കോഡിട്ടെങ്കിലും ലോകകിരീടം അകന്നകന്നു പോയി. പിന്നെ കല്യാണമായി. രണ്ടുവര്‍ഷത്തോളം മത്സരരംഗത്തുനിന്ന് വിട്ടുനിന്നു. ഒരു മകള്‍ പിറന്നു, അഹാന. അതിന് ശേഷമായിരുന്നു ആദ്യ ലോക കിരീടം.
അന്ന് ചൈനയുടെ ടിങ്ജീ ലീയെ തോല്‍പ്പിച്ചാണ് 32 കാരിയായ ഹംപി റാപ്പിഡ് ചെസ്സില്‍ ലോക ജേതാവായത്. പുരുഷവിഭാഗത്തിലെ ജേതാവ്, നോര്‍വ്വേയുടെ ലോകോത്തര താരം മാഗ്നസ് കാള്‍സന്‍ ആയിരുന്നു. അന്ന് വരം ദീര്‍ഘസമയം വേണ്ടിവരുന്ന ക്ലാസ്സിക്കല്‍ ചെസ്സാണ് ഹംപിയുടെ ഇനം. ആദ്യ ലോക കിരീടത്തിലൂടെ റാപ്പിഡിലും മികവ് തുടങ്ങി. ആ്രന്ധപദേശിലെ വിജയവാഡയി 1987 ലാണ് കൊനേരു ഹംപിയുടെ ജനനം.അച്ഛന്‍ കൊനേരു അശോക്, അമ്മ ലത. കോളേജ് അധ്യാപകനായിരുന്ന അശോക് ചെസ്സില്‍ ആന്ധ്രപ്രദേശ് സംസ്ഥാന ചാമ്പ്യനായിരുന്നു.
ചെറുപ്പത്തില്‍ ചെസ്സ് ബോര്‍ഡിന് മുന്നിലിരിക്കുന്ന അച്ഛനെയാണ് ഹംപി എന്നും കാണുന്നത്. പതിയെ കളി പഠിച്ചു. ആറാം വയസ്സിലേ കളിക്കാന്‍ തുടങ്ങി. അച്ഛനെ തോല്‍പ്പിക്കണം എന്നായിരുന്നു അന്നത്തെ ലക്ഷ്യം. ആ തുടക്കമാണ് രണ്ടു തവണ ലോക ചാമ്പ്യനെന്ന പദവിയിലേക്ക് എത്തിച്ചതും. 2014ല്‍ കുടുംബജീവിതത്തിലേക്കു പ്രവേശിച്ച ഹംപി 2016 -2018 കാലഘട്ടത്തില്‍ സജീവചെസില്‍നിന്ന് വിട്ടുനിന്നതോടെ ഇന്ത്യന്‍ ചെസിലെ ഹംപി യുഗം അവസാനിച്ചെന്നു പലരും കരുതി. പെണ്‍കുഞ്ഞിന്റെ അമ്മയായ ശേഷം പ്രതീക്ഷയുടെ ഭാരങ്ങളില്ലാതെ തിരിച്ചുവന്ന ഹംപി സ്വന്തം പ്രതീക്ഷകളെപ്പോലും അട്ടിമറിച്ചാണ് രണ്ടാം ലോകകിരീടം ചൂടുന്നത്.
ചെസിന് ഏറെ വളക്കൂറുള്ള ആന്ധ്രയുടെ മണ്ണില്‍നിന്ന്, ചെസിലെ 'അത്ഭുത വനിത' ജൂഡിത് പോള്‍ഗറിന്റെ റെക്കോര്‍ഡ് മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററായി ഹംപി മാറിയതോടെയാണ് സുവര്‍ണ്ണ യാത്രയുടെ തുടക്കം പുതിയ തലത്തിലെത്തിയത്.