ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ബുംറ; ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസറായി താരം: ബാറ്റിങ്ങില്‍ മൂന്നാമതെത്തി ജയസ്വാള്‍, സ്ഥാനം മെച്ചപ്പെടുത്തി കോഹ്‌ലി; ആദ്യ പത്തില്‍നിന്ന് രോഹിത് പുറത്ത്‌

Update: 2024-10-03 06:48 GMT

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നില മിച്ചപ്പെടുത്തി ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനെ തള്ളി പേസര്‍ ജസ്പ്രിത് ബുംറ ഒന്നാമതെത്തി. ബംഗ്‌ളാദേശിനെതിരെ നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ഒന്നാമതെത്തിച്ചത്. മത്സരത്തില്‍ 11 വിക്കറ്റാണ് ബുംറ സ്വന്തമാക്കിയത്. അശ്വിനും 11 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് അശ്വിന്‍. 870 പോയിന്റാണ് ബുംറയ്ക്ക്. ഇതാദ്യമായാണ് ഇന്ത്യന്‍ പേസ് താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. മുന്‍പ് കപില്‍ ദേവ് രണ്ടാമതും, സഹീര്‍ ഖാന്‍ മൂന്നാമതും റാങ്കിങ്ങില്‍ എത്തിയിരുന്നു.

അതേസമയം ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ യശസ്വി ജയ്സ്വാള്‍ മൂന്നാം സ്ഥാനത്തെത്തി. രണ്ട് സ്ഥാനങ്ങളാണ് ജയ്സ്വാള്‍ മെച്ചപ്പെടുത്തിയത്. രണ്ട് ടെസ്റ്റില്‍ നിന്ന് 189 റണ്‍സാണ് ജയ്സ്വാളിന്റെ സമ്പാദ്യം. അഞ്ചാം സ്ഥാനത്തായിരുന്നു ജയസ്വാള്‍. ഇംഗ്‌ളണ്ടിന്റെ ജോ റൂട്ടും ന്യൂസിലന്‍ഡിന്റെ കെയിന്‍ വില്യംസണുമാണ് ജയ്‌സ്വകളിന് മുന്നിലുള്ളത്. റൂട്ടിന് 899 പോയിന്റും വില്യംസണ് 829 പോയിന്റും ജയ്‌സ്വാളിന് 792 പോയിന്റുമാണ്.

ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി വിരാട് കോഹ്‌ലി ആറാമതത്തെിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യ പത്തില്‍ നിന്ന് പുറത്തായി. 99 റണ്‍സാണ് രണ്ട് മത്സരങ്ങളില്‍ നിന്ന കോഹ്‌ലി നേടിയത്. മൂന്ന് സ്ഥാനം നഷ്ടമായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഒമ്പതാം സ്ഥാനത്തേക്കും, രോഹിത് ശര്‍മ 15-ാം സ്ഥാനത്തും ശുഭ്മാന്‍ ഗില്‍ 16-ാം സ്ഥാനത്തുമാണ്. സ്റ്റീവ് സ്മിത്ത് ജയ്സ്വാളിന് പിന്നില്‍ നാലാം സ്ഥാനത്താണ്.

രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, കോഹ്‌ലിക്ക് മുന്നില്‍ അഞ്ചാം സ്ഥാനത്താണ്. പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്‍, ഓസീസ് താരം മര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ യഥാക്രമം ഏഴും എട്ടും സ്ഥാനത്ത്. ഡാരില്‍ മിച്ചലാണ് പത്താമത്. ശ്രീലങ്കന്‍ റണ്‍മെഷീന്‍ കാമിന്ദു മെന്‍ഡിസ് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാമതെത്തി.

ബൗളര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ആറാം സ്ഥാനത്താണ് അദ്ദേഹം. ഓസീസ് താരം ജോഷ് ഹേസല്‍വുഡ്, അശ്വിന്‍ പിന്നില്‍ മൂന്നാമതുണ്ട്. പാറ്റ് കമ്മിന്‍സ്, കഗിസോ റബാദ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. നതാന്‍ ലിയോണ്‍ (ഓസ്ട്രേലിയ), പ്രഭാത് ജയസൂര്യ (ശ്രീലങ്ക), കെയ്ല്‍ ജെയ്മിസണ്‍ (ന്യൂസിലന്‍ഡ്), ഷഹീന്‍ അഫ്രീദി (പാകിസ്ഥാന്‍) എന്നിവര്‍ യ്ഥാക്രമം പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാമത് തുടരുന്നു. അശ്വിന് രണ്ടാം സ്ഥാനത്ത്.

Tags:    

Similar News