ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയ്ക്ക് നിരാശ; സെർവിൻ സെബാസ്റ്റ്യന് 31-ാം സ്ഥാനം; ബ്രസീലിന്റെ കയോ ബോൺഫിമിന് സ്വർണം
ടോക്കിയോ: ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യൻ താരം സെർവിൻ സെബാസ്റ്റ്യൻ 31-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 1:23:03 എന്ന സമയമാണ് 25-കാരനായ താരം നേടിയത്. സ്വർണം നേടിയ ബ്രസീലിന്റെ കയോ ബോൺഫിമിന് അഞ്ചു മിനിറ്റോളം പിന്നിലാണ് സെർവിൻ എത്തിയത്. ബോൺഫിം 1:18:35 എന്ന സമയത്തിലാണ് മത്സരം പൂർത്തിയാക്കിയത്. ചൈനയുടെ ഷാവോ ഷാവോ വാങ് വെള്ളിയും സ്പെയിനിന്റെ പോൾ മഗ്രാത്ത് വെങ്കലവും നേടി.
ഈ വർഷം മെയ് മാസത്തിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 20 കി.മീ. നടത്തത്തിൽ സെർവിൻ സെബാസ്റ്റ്യൻ വെങ്കല മെഡൽ നേടിയിരുന്നു. 1:21:13.60 സമയത്തിലാണ് താരം അന്ന് മെഡൽ സ്വന്തമാക്കിയത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഈ ഇനത്തിൽ മെഡൽ നേടുന്ന എട്ടാമത്തെ ഇന്ത്യൻ താരമായിരുന്നു സെർവിൻ.
അതേസമയം, മറ്റ് മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിംഗിനും വനിതകളുടെ ജാവലിൻ ത്രോയിൽ അനു റാണി എന്നിവർക്കും ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചില്ല. ഗുൽവീർ സിംഗ് 13 മിനിറ്റ് 42.34 സെക്കൻഡിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ദേശീയ റെക്കോർഡായ 12:59.77 എന്ന ടൈമിന് വളരെ പിന്നിലായിരുന്നു ഇത്. അഞ്ചു ലോക ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത 33-കാരിയായ അനു റാണി ജാവലിൻ ത്രോയിൽ 55.18 മീറ്റർ ദൂരം മാത്രമാണ് എറിഞ്ഞത്. 36 താരങ്ങളിൽ 29-ാം സ്ഥാനത്താണ് അനു റാണി ഫിനിഷ് ചെയ്തത്.