കൊച്ചിയിൽ കൗതുകമായി റയാൻ വില്യംസ്; അരങ്ങേറ്റത്തിൽ തന്നെ റെക്കോർഡ് ഗോൾ; ഹോങ് കോങ്ങിനെ തകർത്ത് ഇന്ത്യക്ക് ആശ്വാസജയം

Update: 2026-03-31 16:10 GMT

കൊച്ചി: ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ അവസാന പോരാട്ടത്തിൽ ഹോങ് കോങ്ങിനെ തകർത്ത് ഇന്ത്യക്ക് ആശ്വാസജയം. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിറഞ്ഞാടിയ നീലപ്പട ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സന്ദർശകരെ കീഴടക്കിയത്. ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായെങ്കിലും, ഹോം ഗ്രൗണ്ടിലെ തകർപ്പൻ ജയം ഇന്ത്യൻ ആരാധകർക്ക് ആവേശമായി. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോളടിച്ച് റെക്കോർഡിട്ട ഇന്ത്യൻ വംശജൻ റയാൻ വില്യംസാണ് മത്സരത്തിലെ താരം.

മത്സരത്തിന്റെ കിക്കോഫ് വിസിൽ മുഴങ്ങി നാലാം മിനിറ്റിൽ തന്നെ കൊച്ചിയിലെ ഗാലറികൾ ഇരമ്പിയാർത്തു. ഹോങ് കോങ് പ്രതിരോധത്തിന്റെ പഴുതുകൾ കണ്ടെത്തിയ ഇന്ത്യ ഒരു മിന്നൽ കൗണ്ടർ അറ്റാക്കിനൊടുവിലാണ് ആദ്യ ഗോൾ കണ്ടെത്തിയത്. വലതുവിങ്ങിൽ നിന്ന് മൻവീർ സിങ് ബോക്സിലേക്ക് നീട്ടിനൽകിയ പന്തിനെ കൃത്യമായ ടൈമിങ്ങിലൂടെ റയാൻ വില്യംസ് വലയിലെത്തിക്കുകയായിരുന്നു.

ഈ ഗോളോടെ ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തിൽ അതിവേഗം ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഓസ്‌ട്രേലിയയിൽ ജനിച്ച ഈ ഇന്ത്യൻ വംശജൻ സ്വന്തമാക്കി. 2013-ൽ ഇന്ത്യക്കായി കളിച്ച അരാത്ത ഇസുമിക്ക് ശേഷം ഇന്ത്യൻ ജേഴ്സിയണിയുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് റയാൻ. ആദ്യ പകുതിയിൽ പന്തടക്കത്തിലും ആക്രമണത്തിലും ഇന്ത്യ ആധിപത്യം പുലർത്തിയെങ്കിലും സ്കോർ നില 1-0 ആയി തുടർന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും ഇന്ത്യ ആക്രമണത്തിന്റെ വീര്യം കുറച്ചില്ല. രാഹുൽ ബെക്കെയുടെ തകർപ്പൻ ത്രോയിൽ നിന്നായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോളിന്റെ തുടക്കം. ഹോങ് കോങ് ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ പന്ത് ലഭിച്ച ആകാശ് മിശ്ര തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയുടെ മൂലയിൽ തറച്ചു.

രണ്ട് ഗോളിന് പിന്നിലായതോടെ ഉണർന്നു കളിച്ച ഹോങ് കോങ് 65-ാം മിനിറ്റിൽ തിരിച്ചടിച്ചു. എവർട്ടണിലൂടെ അവർ ഒരു ഗോൾ മടക്കിയതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി. സമനിലയ്ക്കായി ഹോങ് കോങ് അവസാന നിമിഷങ്ങളിൽ കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നതോടെ വിജയം നീലപ്പടയ്‌ക്കൊപ്പം നിന്നു.

Tags:    

Similar News