കോഴിക്കോട് സ്റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങൾ കൊച്ചിയിൽ തന്നെ?; സ്റ്റേഡിയം വാടക ഇളവിൽ ജി.സി.ഡി.എ തീരുമാനം നാളെ

Update: 2026-02-05 08:13 GMT

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) വരാനിരിക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് സ്റ്റേഡിയം മത്സരങ്ങൾക്കായി സജ്ജമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം. കൊച്ചിയിലെ സ്റ്റേഡിയം വാടകയിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ) നാളെ തീരുമാനമെടുത്തേക്കും.

ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും (എ.ഐ.എഫ്.എഫ്) കൊച്ചി സ്റ്റേഡിയത്തിനാണ് മുൻഗണന നൽകുന്നത്. എ.ഐ.എഫ്.എഫ് പ്രതിനിധികൾ ജി.സി.ഡി.എയുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. കോഴിക്കോട് സ്റ്റേഡിയം ഇതുവരെ കേരള ഫുട്‌ബോൾ അസോസിയേഷൻ (കെ.എഫ്.എ) ബ്ലാസ്റ്റേഴ്‌സിന് കൈമാറിയിട്ടില്ല. നേരത്തെ, സൂപ്പർ ക്രോസ് ബൈക്ക് റേസിംഗിനെ തുടർന്ന് സ്റ്റേഡിയത്തിലെ മൈതാനം തകർന്നിരുന്നു. മൈതാനം പൂർവ്വസ്ഥിതിയിലാക്കി കഴിഞ്ഞ ആഴ്ച കെ.എഫ്.എയ്ക്ക് കൈമാറുമെന്നായിരുന്നു സൂപ്പർ ക്രോസ് അധികൃതർ അറിയിച്ചിരുന്നത്.

എന്നാൽ ഈ ധാരണ പാലിക്കപ്പെട്ടിട്ടില്ല. സ്റ്റേഡിയത്തിൽ ചെറിയ അറ്റകുറ്റപ്പണികൾ മാത്രമാണ് ശേഷിക്കുന്നതെന്നാണ് കെ.എഫ്.എയുടെ നിലപാട്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഈ മാസം 22നാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെഡറേഷൻ ആദ്യം തയ്യാറാക്കിയ മത്സരക്രമത്തിൽ കോഴിക്കോട്ടായിരുന്നു മത്സരങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നത്. ഇതിനിടെ, മലയാളി താരം സലാഹുദ്ദീൻ അദ്‌നാനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് ടീം ശക്തിപ്പെടുത്തി. മറുഭാഗത്ത്, മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിൽ നിന്നാണ് വിങ്ങറായ സലാഹുദ്ദീൻ അദ്‌നാൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

മുമ്പ് ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായിരുന്ന സലാഹുദ്ദീൻ തന്റെ പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവ് കൂടിയാണിത്.എം വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവും വിങ്ങുകളിൽ സലാഹുദ്ദീനെ ശ്രദ്ധേയനാക്കുന്നു. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ മികവ് ടീമിന്റെ മുന്നേറ്റങ്ങളിൽ ഗുണകരമാവുകയും ആക്രമണനിരയ്ക്ക് പുതിയ ഉണർവ് നൽകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

സലാഹുദ്ദീനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ക്ലബ് സി.ഇ.ഒ അഭിക് ചാറ്റര്‍ജി വ്യക്തമാക്കി. "കഠിനാധ്വാനം ചെയ്യാൻ താൽപര്യമുള്ള യുവതാരമാണ് അദ്ദേഹം. ഞങ്ങളോടൊപ്പം വളരാനും ടീമിന് മികച്ച സംഭാവനകൾ നൽകാനും അദ്ദേഹത്തിന് സാധിക്കുമെന്ന് വിശ്വസിക്കുന്നു," അഭിക് ചാറ്റര്‍ജി കൂട്ടിച്ചേർത്തു.

Tags:    

Similar News