ചെസ് ലോകത്തിന്റെ നെറുകയില്‍ ഡി. ഗുകേഷ്; ചതുരംഗക്കളിയുടെ ചാമ്പ്യന്‍പട്ടം ഇന്ത്യയിലേക്ക്; ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ച് ഗാരി കാസ്പറോവ്; ലോകചാമ്പ്യന് കിട്ടുക 11.50 കോടി; അഞ്ച് കോടി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാരും

ചതുരംഗക്കളിയുടെ ചാമ്പ്യന്‍പട്ടം ഇന്ത്യയിലേക്ക്

Update: 2024-12-13 13:59 GMT

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ എക്കാലത്തെയും പ്രായംകുറഞ്ഞ ജേതാവെന്ന നേട്ടത്തിലെത്തിയ ഇന്ത്യയുടെ ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍പട്ടം ഏറ്റുവാങ്ങി. ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന ചരിത്രനേട്ടത്തോടെയാണ് ഇന്ത്യയുടെ ഗുകേഷ് കിരീടമണിത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചതുരംഗക്കളിയുടെ ചാമ്പ്യന്‍പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. പതിനാല് റൗണ്ട് നീണ്ട ക്ലാസിക്കല്‍ ഗെയിമില്‍ നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ചാമ്പ്യനായത്.

പതിമൂന്ന് റൗണ്ട് വരെ ഒപ്പത്തിനൊപ്പം നിന്ന ശേഷമായിരുന്നു പതിനാലാം റൗണ്ടില്‍ അപ്രതീക്ഷിത നീക്കത്തിലൂടെ ഡി ഗുകേഷ് ലോകപട്ടം ചാര്‍ത്തിയത്. ലോക ചാമ്പ്യനായ ഗുകേഷിന് സമ്മാനമായി 11.45 കോടി രൂപ ലഭിക്കും. ഡിങ് ലിറന് 9.75 കോടി രൂപയും ലഭിക്കും. മൂന്ന് ജയമുള്‍പ്പടെ ഏഴരപ്പോയിന്റുമായാണ് ഗുകേഷിന്റെ കിരീടനേട്ടം.

പതിനെട്ടുകാരനായ ഗുകേഷ് പഴങ്കഥയാക്കിയത് 1985ല്‍ ഗാരി കാസ്പറോവ് 22ആം വയസില്‍ കിരീടം നേടിയതിന്റെ റെക്കോര്‍ഡ്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇന്ത്യയില്‍ നിന്ന് ലോക ചാമ്പ്യനാകുന്ന താരമെന്ന നേട്ടവും ഗുകേഷിന് സ്വന്തം. ഇന്ത്യന്‍ ചെസ്സിന്റെ വര്‍ത്തമാനവും ഭാവിയുമൊക്കെയായി മാറുകയാണ് 18കാരനായ ഗുകേഷ്.

അതിനിടെ ഡി. ഗുകേഷിനെ അഭിനന്ദിച്ച് മുന്‍ ലോക ചാമ്പ്യന്‍ ഗാരി കാസ്പറോവ് രംഗത്തെത്തി. ''ലോക ചാമ്പ്യനായ ഗുകേഷിനെ അഭിനന്ദിക്കുന്നു. വിജയത്തിന്റെ കൊടുമുടിയില്‍ എത്തിയ അദ്ദേഹം അമ്മയെ സന്തോഷവതിയാക്കുന്നു'' -കാസ്പറോസ് എക്‌സില്‍ കുറിച്ചു. 1985ല്‍ 22-ാം വയസ്സില്‍ ചാമ്പ്യനായ റഷ്യന്‍ താരമായ കാസ്പറോവിന്റെ നേട്ടമാണ് 18കാരനായ ഗുകേഷ് കഴിഞ്ഞ ദിവസം മറികടന്നത്.

ഒന്നിലേറെ ട്വീറ്റുകളിലായി കളിയെ വിലയിരുത്തിയ കാസ്പറോവ്, മത്സരം കടുത്തതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഗുകേഷ് മികച്ച തയാറെടുപ്പുമായാണ് വന്നത്. നന്നായി കളിച്ചപ്പോള്‍ മത്സരത്തില്‍ വിജയിച്ചു. ഗുകേഷിന്റെ വിജയം ചെസില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടിയാണ് രേഖപ്പെടുത്തുന്നത്. ചെസ് ഒളിമ്പ്യാഡിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും കാസ്പറോവ് എക്‌സില്‍ കുറിച്ചു. 1985ല്‍ അനറ്റോലി കാര്‍പോവിനെ തോല്‍പിച്ചാണ് ഗാരി കാസ്പറോവ് ലോക ചാമ്പ്യനായത്.

ചൈനയുടെ ഡിങ് ലിറെനെ പതിനാലാം റൗണ്ട് പോരാട്ടത്തില്‍ മലര്‍ത്തിയടിച്ചാണ് ഏഴര പോയന്റുമായി ഗുകേഷ് അവിശ്വസനീയ നേട്ടത്തിലെത്തിയത്. വിശ്വനാഥന്‍ ആനന്ദിനുശേഷം ഇതാദ്യമായാണ് ഇന്ത്യക്കൊരു ലോക ചാമ്പ്യനെ ലഭിക്കുന്നത്. 14 റൗണ്ട് പിന്നിടുമ്പോള്‍ ഇന്ത്യന്‍ താരത്തിന്റെ 7.5 പോയന്റിനെതിരെ 6.5 പോയന്റ് നേടാനേ ഡിങ് ലിറെന് കഴിഞ്ഞുള്ളൂ.

അവസാന മത്സരം സമനിലയില്‍ കലാശിച്ചിരുന്നെങ്കില്‍ വിവിധനിര്‍ണയം ടൈബ്രേക്കറിലെത്തുമായിരുന്ന വേളയിലാണ് അവസാന ക്ലാസിക്കല്‍ ടൈം കണ്‍ട്രോള്‍ ഗെയിമില്‍ അപാരമായ മനസ്സാന്നിധ്യത്തോടെ ഗുകേഷ് വിജയതീരമണഞ്ഞത്. 22-ാം വയസ്സില്‍ വിശ്വചാമ്പ്യന്‍ പദവിയിലേറിയ റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ നേട്ടത്തെ പിന്തള്ളിയാണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന വിശേഷണം ഗുകേഷിനെ തേടിയെത്തിയത്.

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ ആകെ സമ്മാനത്തുക 25 ലക്ഷം ഡോളര്‍ (ഏകദേശം 21.11 കോടി രൂപ) ആണ്. 14 ഗെയിമുകളില്‍ ജയിക്കുന്ന ഓരോ ഗെയിമിനും രണ്ടു ലക്ഷം ഡോളര്‍ (1.69 കോടിയോളം) വീതം താരങ്ങള്‍ക്ക് ലഭിക്കും. ബാക്കിത്തുക ഇരുതാരങ്ങളും തുല്യമായി പങ്കുവെയ്ക്കുകയും ചെയ്യും. മൂന്ന് മത്സരങ്ങള്‍ ജയിച്ചതോടെ ഗുകേഷിന് ആറ് ലക്ഷം ഡോളര്‍ (5.07 കോടി രൂപയോളം) ആണ് സമ്മാനമായി ലഭിച്ചത്. രണ്ടു ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ബാക്കിയുള്ള സമ്മാനത്തുക ഇരുവര്‍ക്കുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുക.

ഇതോടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഗുകേഷിന് 13.5 ലക്ഷം യുഎസ് ഡോളര്‍ (ഏതാണ്ട് 11.50 കോടി രൂപ) ആണ് സമ്മാനമായി ലഭിക്കുക. ഡിങ് ലിറന് 11.5 ലക്ഷം യുഎസ് ഡോളര്‍ (9.75 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനമായി കിട്ടി. പിന്നാലെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഞ്ച് കോടി സമ്മാനം പ്രഖ്യാപിച്ചത്. ഗുകേഷിന്റെ ചരിത്രവിജയം രാജ്യത്തിന് ആനന്ദവും അഭിമാനവും നല്‍കിയെന്നും ഭാവിയില്‍ അദ്ദേഹം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെയെന്നും സ്റ്റാലിന്‍ ആശംസിച്ചു.

Tags:    

Similar News