യോഗ്യതാ റൗണ്ടിൽ തോൽവിയറിയാതെ മുൻ ലോക ചാമ്പ്യന്മാർ; ആവേശകരമായ മത്സരത്തിൽ തുർക്കിയുമായി സമനില; ഗ്രൂപ്പ് ജേതാക്കളായി സ്പെയിൻ ലോകകപ്പിലേക്ക്
സെവില്ലെ: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ച് സ്പെയിൻ. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ തുർക്കിയുമായി 2-2 എന്ന സ്കോറിന് സമനില നേടിയാണ് സ്പെയിൻ വടക്കേ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിനുള്ള ടിക്കറ്റ് നേടിയത്. തോൽവി അറിയാതെയാണ് ഗ്രൂപ്പ് ഇ യിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത് മുൻ ലോക ചാമ്പ്യന്മാർ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്.
സെവില്ലയിലെ ലാ കാർതൂജ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ തുർക്കി ശക്തമായ വെല്ലുവിളിയാണ് സ്പാനിഷ് ടീമിന് ഉയർത്തിയത്. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ സ്പെയിൻ തങ്ങളുടെ ആധിപത്യം പ്രകടമാക്കി. നാലാം മിനിറ്റിൽ ഡാനി ഓൾമോ സ്പെയിനിനായി ആദ്യ ഗോൾ നേടി. മാർക്ക് കുക്കുറെല്ലയുടെ കൃത്യതയാർന്ന ക്രോസ് സ്വീകരിച്ച ഓൾമോ, ഒരു പ്രതിരോധതാരത്തെ സമർത്ഥമായി മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. തുടക്കത്തിൽ ഓൾമോയുടെ മികച്ച രണ്ട് ഷോട്ടുകൾ കൂടി തുർക്കി ഗോളിയുടെ കൈകളിൽ ഒതുങ്ങിയില്ലായിരുന്നെങ്കിൽ സ്പെയിൻ്റെ ലീഡ് വർധിച്ചേനെ.
എന്നാൽ, ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ തുർക്കി സ്പെയിനിനെ ഞെട്ടിച്ചു. 42-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ലഭിച്ച പന്തിലൂടെ ഡെനിസ് ഗുൽ സമനില ഗോൾ കണ്ടെത്തി. ഈ യോഗ്യതാ റൗണ്ടിൽ സ്പെയിൻ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത് എന്നതും ശ്രദ്ധേയമാണ്. സമനിലയിൽ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയിൽ തുർക്കി കൂടുതൽ ആക്രമണത്തിൻ്റെ മൂർച്ച കൂട്ടി. 54-ാം മിനിറ്റിൽ അവർ സ്പാനിഷ് ആരാധകരെ നിശബ്ദരാക്കിക്കൊണ്ട് ലീഡ് നേടി.
പെനാൽറ്റി ഏരിയയുടെ അരികിൽ നിന്ന് ലഭിച്ച പന്തിൽ സാലിഹ് ഓസ്കാൻ തൊടുത്ത ഷോട്ട് സ്പാനിഷ് ഗോളിയെ മറികടന്ന് വലയിലെത്തി. തുർക്കി 2-1ന് മുന്നിൽ! സ്വന്തം തട്ടകത്തിൽ സ്പെയിൻ ഒരു യോഗ്യതാ മത്സരത്തിൽ പരാജയം മണക്കുന്ന അപൂർവ നിമിഷമായിരുന്നു അത്. എന്നാൽ, യൂറോപ്യൻ ചാമ്പ്യന്മാർ പതറിയില്ല. എട്ട് മിനിറ്റിനുള്ളിൽ അവർ ശക്തമായി തിരിച്ചടിച്ചു. 62-ാം മിനിറ്റിൽ മിക്കൽ ഒയർസബാൽ സ്പെയിനിനായി സമനില ഗോൾ നേടി. യെരെമി പിനോയുടെ ഷോട്ട് തുർക്കി പ്രതിരോധം തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ഒയർസബാൽ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.
ഈ ഗോളോടെ സ്പെയിൻ സമനില നേടുകയും, ഗ്രൂപ്പ് ജേതാക്കളായി ലോകകപ്പ് യോഗ്യത ഉറപ്പിക്കുകയും ചെയ്തു. ആറ് മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയ സ്പെയിൻ വെറും രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ തുർക്കിക്ക് 13 പോയിൻ്റാണുള്ളത്, അവർ അടുത്ത വർഷം നടക്കുന്ന ലോകകപ്പ് പ്ലേ-ഓഫിൽ മത്സരിക്കും. ലോകകപ്പിനായുള്ള സ്‌പെയിനിൻ്റെ 17-ാമത്തെ തുടർച്ചയായ യോഗ്യതയാണിത്.
"ഒരു വിജയത്തോടെ യോഗ്യതാ റൗണ്ട് പൂർത്തിയാക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. ലോകകപ്പിന് യോഗ്യത നേടിയതിൽ ഞങ്ങൾ സന്തുഷ്ടരാണ്," മത്സരശേഷം സ്പാനിഷ് താരം ഡാനി ഓൾമോ. . ടീമിൻ്റെ സെറ്റ് പീസുകളിലെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഈ വിജയത്തോടെ, ബെൽജിയം, സ്വിറ്റ്‌സർലൻഡ്, സ്‌കോട്ട്ലൻഡ്, ഓസ്ട്രിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം സ്പെയിനും 2026 ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്ന ടീമുകളുടെ പട്ടികയിൽ ഇടം പിടിച്ചു.
