ഗോൾ വല കുലുക്കി മിക്കൽ മെറിനോയും, ബുകായോ സാക്കയും; എമിറേറ്റ്സിൽ പൊരുതി വീണ് ബ്രെന്റ്ഫോർഡ്; പ്രീമിയർ ലീഗിൽ തോൽവിയറിയാത്ത പത്താം മത്സരം; ആഴ്സണൽ ഒന്നാം സ്ഥാനത്ത്
ലണ്ടൻ: പ്രീമിയർ ലീഗിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ആഴ്സണൽ ഒന്നാം സ്ഥാനത്തെ ലീഡ് അഞ്ച് പോയിന്റായി വർധിപ്പിച്ചു. ബുധനാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മിക്കൽ മെറിനോ, ബുകായോ സാക്ക എന്നിവരാണ് ആഴ്സണലിനായി ഗോളുകൾ നേടിയത്. ഈ വിജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി ആഴ്സണൽ തലപ്പത്ത് തുടരുമ്പോൾ, 28 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
മത്സരത്തിന്റെ 11-ാം മിനിറ്റിൽ ബെൻ വൈറ്റിന്റെ ക്രോസിൽ നിന്ന് തലകൊണ്ട് മിക്കൽ മെറിനോയാണ് ആഴ്സണലിനായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ബ്രെന്റ്ഫോർഡിന്റെ കെവിൻ ഷാഡെയുടെ ഒരു ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയത് ആഴ്സണലിന് ആശ്വാസമായി. കളി തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ, അധികസമയത്തിന്റെ ആദ്യ മിനിറ്റിൽ ബുകായോ സാക്ക രണ്ടാം ഗോളും നേടി ആഴ്സണലിന്റെ വിജയം ഉറപ്പിച്ചു. എല്ലാ മത്സരങ്ങളിലുമായി ആഴ്സണലിന്റെ തോൽവിയറിയാതെയുള്ള 18-ാമത്തെ മത്സരമാണിത്.
പ്രധാന ഡിഫൻഡർമാരായ വില്യം സാലിബയുടെയും ഗബ്രിയേലിന്റെയും അഭാവത്തിൽ കളത്തിലിറങ്ങിയ ആഴ്സണലിന് കഠിനമായ പോരാട്ടം കാഴ്ചവെക്കേണ്ടി വന്നു. ബ്രെന്റ്ഫോർഡ് ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്. മത്സരശേഷം ആഴ്സണൽ പരിശീലകൻ മിക്കൽ ആർട്ടെറ്റ പറഞ്ഞത്, "മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട ഒരു ടീമിനെതിരെ ഞങ്ങൾ നന്നായി കളിച്ചു. ബ്രെന്റ്ഫോർഡിന് ഒരു ത്രോ പോലും അപകടകരമാണ്, അവർക്കെതിരെ 1-0 എന്ന സ്കോർ ഒരിക്കലും മതിയാകില്ല. എന്നിരുന്നാലും ഞങ്ങൾ കളിയിൽ ആധിപത്യം സ്ഥാപിക്കുകയും മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു."