'കോച്ച് ശ്രീജേഷ്' നാളെ ചുമതലയേല്‍ക്കും; ജൂനിയര്‍ ടീമിന്റെ പരിശീലകനാകും, ഡല്‍ഹി ഫ്രാഞ്ചൈസി ഡയറക്ടറും

Update: 2024-10-05 11:51 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി പി ആര്‍ ശ്രീജേഷ് നാളെ ചുമതലയേല്‍ക്കും. നാളെ ബെംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ എത്തി ദേശീയ ഹോക്കി ടീം കോച്ച് ചുമതല ശ്രീജേഷ് ഏറ്റെടുക്കും. ഇതിനൊപ്പം ഡിസംബറില്‍ ആരംഭിക്കുന്ന ഹോക്കി ഇന്ത്യ ലീഗിനുള്ള 10 ഫ്രാഞ്ചൈസികളില്‍ ഒന്നായ ഡല്‍ഹി എസ്ജി പൈപ്പേഴ്സിന്റെ ടീം ഡയറക്ടറായും ശ്രീജേഷ് തിരഞ്ഞെടുക്കപ്പെട്ടു. പാരിസ് ഒളിംപിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിനു പിന്നാലെ രാജ്യാന്തര ഹോക്കിയില്‍ നിന്നു വിരമിച്ച മലയാളി താരത്തെ ജൂനിയര്‍ ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഹോക്കി ഇന്ത്യന്‍ ലീഗില്‍ ഡല്‍ഹി ടീമിന്റെ മെന്റര്‍-ഡയറക്ടര്‍ പദവികളില്‍ ശ്രീജേഷ് പ്രവര്‍ത്തിക്കും. 3 വര്‍ഷത്തേക്കാണ് കരാര്‍. ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ കോച്ച് ഗ്രഹാം റീഡാണു ഡല്‍ഹി ടീമിന്റെ പരിശീലകന്‍. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ടീം ഇന്ത്യയുടെ കോച്ചും ഗ്രഹാം ആയിരുന്നു.

''ഒരു കളിക്കാരനെന്ന നിലയില്‍ എന്റെ കരിയര്‍ പാരീസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡലോടെ അവസാനിച്ചു. സ്പോര്‍ട്സില്‍ നിന്നുള്ള എന്റെ യാത്ര ഒരു സ്വപ്‌നം പോലെയായിരുന്നു. ഒളിമ്പിക്സില്‍ എന്റെ അവസാന ഇന്റര്‍നാഷണല്‍ കളിക്കുക, മെഡല്‍ നേടുക, ഗെയിംസില്‍ രാജ്യത്തിന് വേണ്ടി പതാകയേന്തുക. അതിനു ശേഷം, ഇന്ത്യയില്‍ തിരിച്ചെത്തി, വീട്ടില്‍ ഗംഭീര സ്വീകരണം, എന്റെ ജേഴ്സി റിട്ടയര്‍ ചെയ്തു, കരിയര്‍ ഇവിടെ അവസാനിച്ചു, എനിക്ക് ഇനി കളിക്കാന്‍ താല്‍പ്പര്യമില്ല, പകരം ഇന്ത്യന്‍ ഹോക്കിക്കായി അടുത്ത തലമുറയെ വളര്‍ത്താന്‍ സഹായിക്കണം.'' ശ്രീജേഷ് പറഞ്ഞു.

Tags:    

Similar News