ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷയ്ക്ക് റയൽ മാഡ്രിഡ് മുൻതാരം; ഗോൾ വരൾച്ചയ്ക്ക് അറുതിയിടാൻ അർജന്റീനൻ വിങ്ങർ; 'ഫ്രാഞ്ചു' ഇനി മഞ്ഞപ്പടയ്ക്കൊപ്പം

Update: 2026-04-10 11:50 GMT

കൊച്ചി: ഐഎസ്എല്ലിൽ തുടർച്ചയായ തോൽവികളിൽ ഉഴലുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്കായി റയൽ മാഡ്രിഡ് അക്കാദമിയിൽ നിന്നൊരു വിസ്മയ താരം. അർജന്റീനൻ വിങ്ങർ ഫ്രാൻസിസ്കോ ഫ്യൂലാസിയർ അബാലോയെയാണ് (ഫ്രാഞ്ചു) മഞ്ഞപ്പട സ്വന്തമാക്കിയത്. ഗോൾ വരൾച്ചയും മോശം ഫോമും മൂലം ആരാധകരുടെ കടുത്ത പ്രതിഷേധം നേരിടുന്നതിനിടെയാണ് മാനേജ്‌മെന്റിന്റെ ഈ വമ്പൻ സൈനിങ്.

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന 27-കാരനായ ഫ്രാഞ്ചു, കാസ്റ്റിയക്ക് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. റായോ വല്ലക്കാനോ, എസ്.ഡി ഐബർ, എഫ്.സി കാർട്ടജീന തുടങ്ങിയ പ്രമുഖ സ്പാനിഷ് ക്ലബ്ബുകൾക്കായി വിവിധ ഡിവിഷനുകളിൽ താരം പന്തുതട്ടിയിട്ടുണ്ട്. സൈപ്രസിലെ കാർമിയോട്ടിസ്സ എഫ്‌സിയിൽ നിന്നാണ് താരം കൊച്ചിയിലെത്തുന്നത്.

രണ്ട് വിങ്ങുകളിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള ഫ്രാഞ്ചുവിന്റെ വരവ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയ്ക്ക് പുത്തൻ ജീവൻ നൽകുമെന്നാണ് പ്രതീക്ഷ. പന്തിനുമേലുള്ള അസാമാന്യ നിയന്ത്രണവും മിന്നൽ വേഗത്തിലുള്ള കുതിപ്പും താരത്തിന്റെ പ്രത്യേകതയാണ്. പുതിയ പരിശീലകന് കീഴിൽ ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ ഈ അർജന്റീനൻ കരുത്തിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന ബ്ലാസ്റ്റേഴ്സിന് ഫ്രാഞ്ചുവിന്റെ യൂറോപ്യൻ പരിചയസമ്പത്ത് മുതൽക്കൂട്ടാകും.

Tags:    

Similar News