രഞ്ജിയില്‍ പഞ്ചാബിന് തകര്‍ച്ച; 100 എത്തും മുന്‍പ് അഞ്ച് വിക്കറ്റ് നഷ്ടം: കളി മുടക്കി മഴ

Update: 2024-10-11 10:56 GMT

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ കേരളത്തിന് മികച്ച തുടക്കം. മത്സരത്തിന്റെ ഒന്നാം ദിനം മഴ കാരണം മത്സരം തടസ്സപ്പെട്ടപ്പോള്‍ പഞ്ചാബിന്റെ അഞ്ച് വിക്കറ്റാണ് നഷ്ടമായത്. നിലവില്‍ 39 ഓവറില്‍ അഞ്ചിന് 95 റണ്‍സെന്ന നിലയിലാണ് പഞ്ചാബ്.

കേരളത്തിന് വേണ്ടി ആദിത്യ സര്‍വതെ മൂന്നും ജലജ് സക്സേന രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. ദേശീയ ടീമിനൊപ്പമായതിനാല്‍ നിലവില്‍ സഞ്ജു സാംസണെ രഞ്ജി ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സഞ്ജുവിന് പകരം സച്ചിന്‍ ബേബിയാണ് കേരള ടീമിനെ നയിക്കുന്നത്.

തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ പ്രഭ്സിമ്രന്‍ സിങ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സച്ചിന്‍ ബേബിയോടും സംഘത്തോടും പഞ്ചാബിന് തുടക്കത്തില്‍ തന്നെ ബാറ്റിങ് തകര്‍ച്ച നേരിടേണ്ടിവന്നു.

ആദിത്യ എറിഞ്ഞ ഒന്നാം ഓവറില്‍ ഒരു റണ്‍ കൂട്ടിച്ചേര്‍ക്കും മുന്‍പെ അഭയ് ചൗധരി (0) മടങ്ങി. സച്ചിന്‍ ബേബിക്കായിരുന്നു വിക്കറ്റ്. അഞ്ചാം ഓവറില്‍ നമന്‍ ധിറിനെയും (10) ക്യാപ്റ്റന്‍ പ്രഭ്സിമ്രനെയും (12) ആദിത്യ പുറത്താക്കി. പിന്നാലെ നെഹല്‍ വധേരയെയും (9) അന്‍മോല്‍പ്രീത് സിങ്ങിനെയും (28) ജലജ് സക്സേന കൂടാരം കയറ്റി. ആറ് റണ്‍സുമായി ക്രിഷ് ഭഗത്തും 28 റണ്‍സുമായി രമണ്‍ദീപ് സിങ്ങുമാണ് നിലവില്‍ ക്രീസിലുള്ളത്.

Tags:    

Similar News