പോയിന്റ് പട്ടികയില്‍ നവാമുകുന്ദ, പക്ഷേ പ്രഖ്യാപിച്ചപ്പോള്‍ രണ്ടാം സ്ഥാനം ജി വി രാജയ്ക്ക്; ശിവന്‍കുട്ടിയെ തടഞ്ഞ് വിദ്യാര്‍ഥികള്‍: സമാപന വേദിയില്‍ കയ്യാങ്കളി; പോലീസ് മര്‍ദ്ദിച്ചെന്ന് കുട്ടികള്‍: സ്‌കൂളുകള്‍ ഹൈക്കോടതിയിലേക്ക്

Update: 2024-11-12 10:55 GMT

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന വേദിയില്‍ പ്രതിഷേധം. ജി രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധിച്ച വിദ്യാര്‍ഥിനികളെ അടക്കം പൊലീസ് മര്‍ദിച്ചെന്നും ആരോപണമുണ്ട്. നാവാമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി എത്തിയത്. പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.

കായിക മന്ത്രി വി.അബ്ദുറഹിമാന്‍ ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളും സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളുമായി സംസാരിക്കുകയും വിഷയത്തില്‍ പരിഹാരം ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ പൊലീസ് വി ശിവന്‍ കുട്ടിയെ സംഭവസ്ഥലത്ത് നിന്ന് മാറ്റി. തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് ആരോപണം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേഗത്തില്‍ അവസാനിപ്പിച്ചു.

അതേസമയം ലഭിച്ച ട്രോഫി തിരിച്ചു കൊടുക്കാമെന്ന് രണ്ടാം സ്ഥാനം ലഭിച്ച ജി വി രാജ സ്‌കൂള്‍ അറിയിച്ചു. സ്‌കൂള്‍ മേളയുടെ വെബ്സൈറ്റില്‍ രണ്ടാം സ്ഥാനം നാവാമുകുന്ദക്ക് എന്നാണ് നല്‍കിയിരിക്കുന്നത്. ജി വി രാജയെ ഉള്‍പ്പെടുത്തിയത് പ്രത്യേകമായിട്ടാണ്.

കായിക മേളയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതി അന്വേഷിച്ചു തീരുമാനം എടുക്കാമെന്നു അപ്പോള്‍ തന്നെ പറഞ്ഞതാണെന്നും പറഞ്ഞത് കേള്‍ക്കാതെ മേളയെ മനഃപൂര്‍വം കലക്കാന്‍ ശ്രമം ഉണ്ടായി എന്നുമാണ് വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. അധ്യാപകരുടെ നേതൃത്വത്തില്‍ അതിനു ശ്രമം ഉണ്ടായി. കുട്ടികളെ ഇളക്കി വിടുകയാണ് ചെയ്തത്. ഇത് ഒരിക്കലും അംഗീകരിക്കാനാകാത്ത നടപടിയാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News