ചരിത്രത്തിലാദ്യം; ഒഡിഷയുടെ തന്ത്രങ്ങൾ മെനയാൻ ഇനി മലയാളി പരിശീലകൻ; ഐ.എസ്.എൽ ക്ലബ്ബിന്റെ ഹെഡ് കോച്ചായി ടി.ജി. പുരുഷോത്തമൻ
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ക്ലബ് ഒഡിഷ എഫ്.സിയുടെ മുഖ്യ പരിശീലകനായി മുൻ കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ചും മലയാളിയുമായ ടി.ജി. പുരുഷോത്തമനെ നിയമിച്ചു. ഒരു ഐ.എസ്.എൽ ക്ലബിന്റെ മുഴുസമയ മുഖ്യ പരിശീലകനാകുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടമാണ് ഇതോടെ ടി.ജി. പുരുഷോത്തമന് സ്വന്തമായത്. ഒരു വർഷത്തെ കരാറിലാണ് അദ്ദേഹം ഒഡിഷയുടെ ചുമതലയേറ്റത്.
നേരത്തെ ബിനോ ജോർജ്, ഷമീൽ ചെമ്പകത്ത് തുടങ്ങിയ മലയാളി പരിശീലകർ ഐ.എസ്.എൽ ടീമുകളുടെ ഇടക്കാല പരിശീലകരായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, മുഴുസമയ കരാറിൽ നിയമിതനാകുന്ന ആദ്യ മലയാളി പരിശീലകനാണ് പുരുഷോത്തമൻ എന്ന സവിശേഷത ഈ നിയമനത്തിനുണ്ട്. ഈ മാസം ആദ്യമാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സുമായുള്ള തന്റെ ബന്ധം അവസാനിപ്പിച്ചത്.
2021-ൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പരിശീലകനായാണ് ടി.ജി. പുരുഷോത്തമൻ കൊച്ചിയിലെത്തിയത്. പിന്നീട് അണ്ടർ 18 ടീമിന്റെ പരിശീലകനായും പ്രവർത്തിച്ച അദ്ദേഹം, 2023-ൽ സീനിയർ ടീമിന്റെ സഹപരിശീലകനായി സ്ഥാനക്കയറ്റം നേടി. കഴിഞ്ഞ സീസണിൽ ടീമിന്റെ താൽക്കാലിക പരിശീലകനായും അദ്ദേഹം ചുമതലയേറ്റിരുന്നു.
കളിക്കാരനെന്ന നിലയിൽ എസ്.ബി.ടി, വാസ്കോ, മഹീന്ദ്ര യുനൈറ്റഡ്, വിവ കേരള തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ വിദേശ പരിശീലകരുടെ സഹായിയായി പ്രവർത്തിച്ചുള്ള അനുഭവസമ്പത്തും, താൽക്കാലിക ചുമതലകളിൽ ടീമിന് മികച്ച ഫലങ്ങൾ നേടിക്കൊടുത്തതും അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന നേട്ടങ്ങളാണ്. കഴിഞ്ഞ വർഷം എ.എഫ്.സി പ്രൊഫഷണൽ ലൈസൻസും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.