അടുത്ത സച്ചിനോ? അണ്ടര്‍ 19 ടെസ്റ്റ് ക്രിക്കറ്റില്‍ ഞെട്ടിച്ച് 13 കാരന്‍; 58 പന്തില്‍ സെഞ്ചുറി, റെക്കോഡ്

Update: 2024-10-03 09:47 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാകാലത്തും താരസമ്പന്നമാണ്. ഓരോ കാലഘട്ടത്തിലും മികവ് കാട്ടി നിരവധി യുവതാരങ്ങള്‍ ടീമിന് കരുത്തായി വളര്‍ന്നുവന്നിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളമൊഴിഞ്ഞപ്പോള്‍ പകരമാരെന്ന ചോദ്യത്തിന് വിരാട് കോലി ഉത്തരമായപ്പോള്‍ വീരേന്ദര്‍ സെവാഗിന് പകരക്കാരനായി രോഹിത് ശര്‍മയുമെത്തി. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്ക് വളരെയധികം കൂടിയിട്ടുണ്ടെന്ന് തന്നെ പറയാം.

ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പേരുകളില്‍ പുതിയ മുഖമായി എത്തിയിരിക്കുന്ന താരമാണ് വൈഭവ് സൂര്യവംശി. 13കാരനായ താരം യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ചുറി പ്രകടനം നടത്തി റെക്കോഡിട്ടതോടെ എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ്. 58 പന്തില്‍ സെഞ്ചുറി നേടിയാണ് വൈഭവ് എല്ലാവരുടേയും കൈയടി നേടുന്നത്. അണ്ടര്‍ 19 ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ചറിയാണിത്. 13-ാം വയസിലാണ് വൈഭവിന്റെ ഈ ചരിത്ര നേട്ടം.

ഓപ്പണറായ വൈഭവ് 62 പന്തില്‍ 104 റണ്‍സെടുത്തു നില്‍ക്കെ റണ്ണൗട്ടാകുകയായിരുന്നു. 14 ഫോറും, നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. സഹ ഓപ്പണര്‍ വിഹാന്‍ മല്‍ഹോത്ര 76 റണ്‍സെടുത്തു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് വൈഭവ് സൂര്യവംശി. ഇടം കൈയന്‍ ബാറ്റ്സ്മാനായ വൈഭവ് 12 വയസും 284 ദിവസവും ഉള്ളപ്പോഴാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. മുംബൈക്കെതിരേ രഞ്ജി ട്രോഫിയിലൂടെയാണ് വൈഭവിന്റെ അരങ്ങേറ്റം. യുവരാജ് സിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെയെല്ലാം റെക്കോഡാണ് വൈഭവ് തകര്‍ത്തത്. സ്ഥിരതയും ഫിറ്റ്നസും നിലനിര്‍ത്തിയാല്‍ വലിയ ഇതിഹാസമാവാന്‍ വൈഭവിന് സാധിച്ചേക്കും.

ഹേമന്‍ ജില്ലാ ട്രോഫിയില്‍ എട്ട് മത്സരത്തില്‍ നിന്ന് 800 റണ്‍സെടുത്താണ് വൈഭവ് ഞെട്ടിച്ചത്. ബീഹാറിലെ ഒട്ടുമിക്ക ടൂര്‍ണമെന്റുകളിലും മിന്നിക്കാന്‍ വൈഭവിന് സാധിച്ചിട്ടുണ്ട്. വിനോ മങ്കാദ് ട്രോഫിയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 400 റണ്‍സാണ് വൈഭവ് നേടിയത്. അടുത്ത രഞ്ജി ട്രോഫിയിലും താരം കളിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ ടീമിലെത്തുന്ന പ്രായം കുറഞ്ഞ താരമാവാന്‍ വൈഭവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ആദ്യ അനൗദ്യേഗിക ടെസ്റ്റില്‍ ഇന്ത്യന്‍ അണ്ടര്‍ 19 296 റണ്‍സിന് പുറത്തായി. ഓസ്‌ട്രേലിയ 293 റണ്‍സാണെടുത്തത്. കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നാലിന് 110 എന്ന നിലയിലാണ്. ഇന്ത്യക്കായി മലയാളി താരം മുഹമ്മദ് ഇനാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റെടുത്തിരുന്നു.

Tags:    

Similar News